ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസർക്കാർ നൽകിയേക്കുമെന്ന ഊഹാപോഹങ്ങൾ സജീവമാണ്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. തരൂർ സംഘം കൂടി എത്തിയശേഷം വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്ന് നൽകിയിരുന്നു. ഈ വിരുന്നിനിടെ ശശി തരൂർ ഒരു റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.
വിദേശ സന്ദർശനത്തിനിടെയുണ്ടായ സ്ഥിതിഗതികൾ അടക്കം ഉൾപ്പെടുത്തിയാണ് തരൂർ റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ് തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യേക പദവി നൽകുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നാണ് സൂചന. ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പോകുകയാണ്. ഈ സാഹചര്യത്തിൽ ഭീകരതയ്‌ക്കെതിരായി പാകിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയ്ക്ക് ശേഷമുള്ള ലോകരാജ്യങ്ങളുടെ നിലപാട് അടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. അതേസമയം തരൂർ- പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വിദേശനയത്തിൽ തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.