ദില്ലി: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. ആയുഷ് സെക്രട്ടറിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമര്‍ശനം. ഹിന്ദി അറിയാത്തവര്‍ വെബിനാറില്‍ നിന്ന് പുറത്തുപോകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ ഒരു സെക്രട്ടറി പറയുന്നത് അസാധരാണ സാഹചര്യമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. സര്‍ക്കാരിന് കുറച്ചെങ്കിലും മര്യാദയുണ്ടെങ്കില്‍ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്‌നാട്ടുകാരനായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കുന്ന കൂട്ടരാണ് (ടുക്കഡെ ടുക്കഡെ) ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ളതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു വിവാദത്തിനാധാരമായ സംഭവം നടന്നത്. ആയുഷ് വെല്‍നെസ് കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്കായി നടത്തിയ പരിശീലന വെബിനാറിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരോട് പുറത്തുപോകാന്‍ ആയുഷ് സെക്രട്ടറി പറഞ്ഞത്. ആഗസ്റ്റ് 18 മുതല്‍ 20 വരെ രാജ്യമെമ്പാടുമുള്ള നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മൂന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.
ആമുഖ പ്രഭാഷണം നടത്തുന്നതിനിടെ സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് ആവശ്യമുള്ളവര്‍ വെബിനാറില്‍ നിന്ന് പുറത്തുപോകാനായിരുന്നു സെക്രട്ടറി പറഞ്ഞത്. ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചേയാണ് ഡോക്ടര്‍മാരോട് പുറത്ത് പോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടി മുഴുവന്‍ ഹിന്ദിയിലായിരുന്നുവെന്ന് ചെന്നൈയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നു. ത്രിദിന പരിപാടിയില്‍ വെറും നാല് സെഷന്‍ മാത്രമാണ് ഇംഗ്ലീഷില്‍ അവതരിപ്പിച്ചത്. ഹിന്ദി മനസിലാകാത്തത് സംബന്ധിച്ച് പരാതി ഉയര്‍ത്തിയിരുന്നുവെങ്കിലും പരിഹരിക്കപ്പെട്ടില്ല, ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ കൃത്രിമം നടന്നെന്നാണ് സെക്രട്ടറി ആരോപിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് വിമര്‍ശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നല്‍കി. രാജേഷിനെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. കനിമൊഴിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരവും രംഗത്തെത്തി. ഇംഗ്ലീഷ് അറിയില്ലെന്നത് അംഗീകരിക്കാം. എന്നാല്‍ ഹിന്ദി അറിയാത്തവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുന്നതും ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നതും, ഈ അഹങ്കാരത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ല കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.