കൊച്ചി : അത്താണിയിലെ പുതുശ്ശേരി ബേക്കറിയിൽ നിന്ന് ഷവർമ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങമനാട് ഇളയിടത്ത് ഗോകുൽ സോമൻ (23), പുതിയേടൻ റെനൂബ് രവി (21), വാടകപ്പുറത്ത് ജിഷ്ണു വേണു (25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലപ്രശ്ശേരി ആട്ടാംപറമ്പിൽ അമൽ കെ. അനിൽ (23) എന്നിവരെ ചെങ്ങമനാട് ഗവ. ആശുപത്രിയിലും കുന്നുകര മനായിക്കുടത്ത് സുധീർ സലാം (35), മക്കളായ ഹൈദർ (7), ഹൈറ (5) എന്നിവരെ ദേശം സി.എ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടേയും നില ഗുരുതരമല്ല.
വെള്ളിയാഴ്ച വൈകീട്ടാണ് ഇവർ ബേക്കറിയിൽ നിന്നും ഷവർമ കഴിച്ചത്. ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. ഇവർ കലക്ടർക്ക് പരാതി നൽകിയതിനേ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ചെങ്ങമനാട് എസ്.ഐ പി.ജെ കുര്യാക്കോസിന്റെ നേതൃത്വത്തിൽ പോലീസ് ബേക്കറി അടപ്പിച്ചു. ഉടമ ആന്റണിയെ (64) അറസ്റ്റ് ചെയ്തു. ഭക്ഷ്യസുരക്ഷാ ഓഫീസർ ബേക്കറിയിൽ പരിശോധന നടത്തി. ഷവർമയ്ക്കൊപ്പം നൽകിയ മയോണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.