തൃശ്ശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്.
ബാഗില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസില്‍ ഷീല സണ്ണി 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എക്‌സൈസ് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. ഷീലയുടെ പക്കല്‍ നിന്ന് 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതില്‍ ഒന്നിന്ന് 5000 രൂപമുകളില്‍ വില വരും എന്നായിരുന്നു എക്‌സൈസ് അറിയിച്ചിരുന്നത്. ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഷീലയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം. രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. എല്‍എസ്ഡി സ്റ്റാംപ് എന്ന് കരുതി പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.