തിരുവനന്തപുരം: ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറിതല സംഘം ഗുജറാത്തിലേക്ക് പോകുന്നതിനെ ചോദ്യം ചെയ്ത് മുന്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍.താന്‍ മന്ത്രിയായിരിക്കെ ഗുജറാത്ത് സന്ദര്‍ശിച്ചത് സിപിഎം വിവാദമാക്കിയെന്നും കോടിയേരി ബാലകൃഷ്ണന്‍ അന്ന് തന്റെ രാജിയാവശ്യപ്പെട്ടെന്നും ഷിബു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് പറയാന്‍ കോടിയേരിക്ക് ഇപ്പോള്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
‘ഇന്നിപ്പോള്‍ ഗുജറാത്തിലെ വികസന മാതൃക പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും ഉന്നത ഉദ്യോഗസ്ഥരും ഗുജറാത്തിലേക്ക് പോകുമ്പോൾ കോടിയേരിക്ക് എന്താണ് പറയാനുള്ളത്? പിണറായി രാജി വെയ്ക്കണമെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമുണ്ടോ? ഇപ്പോള്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠിക്കേണ്ടതുണ്ടോ?
ഗുജറാത്ത് മാതൃക എന്ന കൊട്ടിഘോഷിക്കപ്പെട്ട വികസന പ്രചരണങ്ങള്‍ വെള്ളത്തില്‍ വരച്ച വരകളായിരുന്നുവെന്നതും തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് പോലും ഗുജറാത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നതുമൊക്കെ രാജ്യം തിരിച്ചറിഞ്ഞ വസ്തുതകളാണ്. എന്നിട്ടും ഗുജറാത്ത് വികസനമെന്ന വ്യാജമാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് അയക്കുമ്ബോള്‍ എവിടെ എത്തിനില്‍ക്കുന്നു നമ്മുടെ കേരളം എന്നാണ് ചിന്തിക്കേണ്ടത്.’ – ഷിബു ഫേസ്ബുക്കിലെഴുതി.
കുറിപ്പിന്റെ പൂര്‍ണരൂപം
2013ല്‍ ഞാന്‍ തൊഴില്‍ മന്ത്രിയായിരുന്ന കാലത്ത് ഓട്ടോണമസ് ബോഡിയായ ഗുജറാത്തിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കുകയുണ്ടായി. മികച്ച സ്‌കില്‍ ഡെവലപ്പ്‌മെന്റിനുള്ള കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരം ഗുജറാത്ത് സംസ്ഥാനത്തിന് ലഭിച്ച സാഹചര്യമായിരുന്നു അത്. അവിടെയുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പദ്ധതികള്‍ കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് മനസിലാക്കുന്നതിന് വൈകുന്നേരം ഫ്‌ലൈറ്റിന് മുമ്ബായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 10 മിനിറ്റ് നേരം മാത്രമുണ്ടായിരുന്ന ഔദ്യോഗിക ചര്‍ച്ച കൊണ്ടുതന്നെ ആ പദ്ധതികള്‍ ഫലപ്രദമല്ലെന്നും കേരളത്തിന്റെ സാഹചര്യത്തില്‍ അത് പ്രയോജനപ്പെടില്ലെന്നും മനസിലാക്കാന്‍ സാധിച്ചു. ആ ഔദ്യോഗിക കൂടിക്കാഴ്ച്ചയുടെ പേരില്‍ അന്നത്തെ പ്രതിപക്ഷം ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഞാനിപ്പോള്‍ ഓര്‍ത്തുപോകുകയാണ്.
ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് മറ്റൊരു സംസ്ഥാനത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഞാന്‍ മോദിയെ കണ്ടതെന്നുമൊക്കെയായായിരുന്നു ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്ന് ഉന്നയിച്ച ആരോപണങ്ങള്‍. ഞാന്‍ രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഓരോ ഇലക്ഷന്‍ വരുമ്ബോഴും ആ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുമുന്നണിയുടെ പ്രചരണങ്ങള്‍.
ഇന്നിപ്പോള്‍ ഗുജറാത്തിലെ വികസന മാതൃക പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയും ഉന്നത ഉദ്യോഗസ്ഥരും ഗുജറാത്തിലേക്ക് പോകുമ്ബോള്‍ കോടിയേരിക്ക് എന്താണ് പറയാനുള്ളത്? പിണറായി രാജി വയ്ക്കണമെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമുണ്ടോ? ഇപ്പോള്‍ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠിക്കേണ്ടതുണ്ടോ?
ഗുജറാത്ത് മാതൃക എന്ന കൊട്ടിഘോഷിക്കപ്പെട്ട വികസന പ്രചരണങ്ങള്‍ വെള്ളത്തില്‍ വരച്ച വരകളായിരുന്നുവെന്നതും തമ്ബാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് പോലും ഗുജറാത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നതുമൊക്കെ രാജ്യം തിരിച്ചറിഞ്ഞ വസ്തുതകളാണ്. എന്നിട്ടും ഗുജറാത്ത് വികസനമെന്ന വ്യാജമാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് അയക്കുമ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു നമ്മുടെ കേരളം എന്നാണ് ചിന്തിക്കേണ്ടത്. മോദിയ്ക്ക് പ്രധാനമന്ത്രിയാകാന്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ പുകമറയായിരുന്നു ഗുജറാത്ത് വികസന മാതൃക. മോദി പ്രധാനമന്ത്രിയായതോടെ ബി.ജെ.പിക്കാര്‍ പോലും ആ വാദം ഉപേക്ഷിച്ചു. എന്നിട്ടും ഗുജറാത്ത് വികസന പറുദീസയാണെന്ന മിഥ്യാധാരണയില്‍ വികസനം പഠിക്കാന്‍ ഉദ്യോഗസ്ഥരെ അയക്കുന്ന കേരളമുഖ്യന്റെ ലക്ഷ്യമെന്താണ്? എല്ലാ കാര്യങ്ങള്‍ക്കും മോദിയെ മാതൃകയാക്കുന്ന കേരള മുഖ്യമന്ത്രി ഇല്ലാത്ത വികസനങ്ങള്‍ പ്രചരിപ്പിക്കുന്ന മോദി മാജിക്ക് പഠിക്കാനാണോ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.