ന്യൂഡല്‍ഹി : നീലച്ചിത്ര നിര്‍മാണ കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിന് പിന്നാലെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ശില്‍പ ഷെട്ടി. തനിക്കെതിരെ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന്റെ അറസ്റ്റിന് ശേഷം തനിക്കെതിരെ തെറ്റായതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രചാരണങ്ങള്‍ പല മാധ്യമങ്ങളും നടത്തുകയാണ്. മാധ്യമങ്ങളുടെ കാഴ്ചക്കാരും വായനക്കാരും കൂടാന്‍ വേണ്ടി നടത്തുന്ന ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കിയതില്‍ നഷ്ടപരിഹാരം വേണമെന്ന് ശില്‍പ ഷെട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അവരുടെ പേജില്‍ നിന്ന് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നീലച്ചിത്ര നിര്‍മാണ കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പോലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. നിലവില്‍ രാജ് കുന്ദ്ര 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
2004 ല്‍ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198 -ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. 2013ല്‍ എസന്‍ഷ്യല്‍ സ്പോര്‍ട്ട്സ് ആന്റ് മീഡിയ എന്ന സ്ഥാപനവും സത്യുഗ് ഗോള്‍ഡ്, സൂപ്പര്‍ ഫൈറ്റ് ലീഗ്, ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേര്‍ന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പര്‍ ഫൈറ്റ് ലീഗ്. 2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019 ല്‍ ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.