ഷിംല : ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ കനത്ത മലയിടിച്ചില്‍. എച്ച്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ മണ്ണിനടിയിലായി. നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും എന്‍ഡിആര്‍ഫും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കിന്നൗറിലെ റെകോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചയ്ക്ക് 12:45 ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍ അറിയിച്ചു.