കൊല്ലം : മിനി ആഡംബരക്കപ്പലില്‍ കന്യാകുമാരിയില്‍ നിന്നു കൊല്ലത്തേക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു. കേരളവും തമിഴ്നാടും കപ്പല്‍യാത്ര സംബന്ധിച്ച് ഉന്നതതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഉടനെ താല്‍പ്പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് മാരിടൈം ബോര്‍ഡ്. കന്യാകുമാരിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
കടല്‍ പ്രക്ഷുബ്ധമാകുന്ന മണ്‍സൂണില്‍ വിനോദസഞ്ചാരികളുടെ വരവ് കുറവായതിനാല്‍ സീസണില്‍ മാത്രമാകും സര്‍വീസ്. സാധാരണ യാത്രക്കാരെയും ആകര്‍ഷിക്കുന്നതാകും സര്‍വീസ്. മത്സ്യമേഖലയ്‌ക്കോ മീന്‍പിടിത്തത്തിനോ ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം കപ്പല്‍ പാതയിലൂടെയാകും സര്‍വീസ്. ഇതിന്റെ സാധ്യത സംബന്ധിച്ച വിശദപഠനം ഉടന്‍ തുടങ്ങും. റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ സര്‍വീസ് ആലപ്പുഴ വരെ നീട്ടാനും ആലോചനയുണ്ട്. കൊല്ലത്തു നിന്ന് കൂടുതല്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ താല്‍പ്പര്യമുള്ളര്‍ക്ക് അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബോര്‍ഡ്.
പൗരാണിക വാണിജ്യ നഗരമായ കൊല്ലം, ലോക ടൂറിസം ഭൂപടത്തിന്റെ തൊടുകുറിയായ കോവളം, കാഴ്ചകളുടെ മായാലോകം ഒരുക്കുന്ന കന്യാകുമാരി എന്നിവയെ തൊട്ടുരുമ്മിയുള്ള യാത്രയ്ക്ക് എത്തുന്നവര്‍ക്ക് തുറമുഖങ്ങളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കും. ഇതിനായി വിഴിഞ്ഞത്തും കൊല്ലത്തും പ്രാരംഭ നടപടികള്‍ ഉടന്‍ തുടങ്ങും. മാരിടൈം ബോര്‍ഡിനാണ് സര്‍വീസിന്റെ മേല്‍നോട്ടം.
കൊല്ലത്തു നിന്ന് കന്യാകുമാരിയിലേക്ക് 85 നോട്ടിക്കല്‍ മൈല്‍ (160 കിലോമീറ്റര്‍) ദൂരമുണ്ട്. ഏഴുമണിക്കൂറില്‍ ഈ ദൂരം താണ്ടാനാകും.
കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസിന്റെ തിരുവനന്തപുരത്തെ ബോര്‍ഡിങ് പോയിന്റ് കോവളവും വര്‍ക്കലയുമായിരിക്കും. പരവൂര്‍, വര്‍ക്കല, കോവളം, ശുചീന്ദ്രം, നാഗര്‍കോവില്‍ തുടങ്ങി തീര്‍ഥാടന–- ടൂറിസം കേന്ദ്രങ്ങള്‍ കടന്നു പോകുന്ന യാത്ര ഒരേസമയം കടല്‍–- കരക്കാഴ്ചകളുടെ വിസ്മയം പകരും. കൊല്ലത്തിന്റെ ടൂറിസം–ജലഗതാഗത വികസനത്തിനൊപ്പം വ്യാപാര – പ്രാദേശിക മേഖലയ്ക്കും വന്‍ സാധ്യതകളാകും സര്‍വീസ് തുറന്നിടുകയെന്ന് മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു പറഞ്ഞു.