വിഴിഞ്ഞം : ഗുജറാത്തിലെ സിക്ക് തുറമുഖത്തുനിന്ന് ഡീസലുമായി ആസ്ട്രേലിയയിലെ ബോട്ടണി ബേ തുറമുഖത്തേക്ക് പുറപ്പെട്ട എസ്.ടി.ഐ ഓര്‍ച്ചാര്‍ഡ് എന്ന കപ്പലിലെ ജീവനക്കാരന് പരിക്കേറ്റതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് അടിയന്തര ക്രൂ ചെയ്ഞ്ചിംഗ് നടത്തി. അപകടത്തില്‍ വലത് കൈക്ക് ഗുരുതര പരിക്കേറ്റ ഗുജറാത്ത് സ്വദേശി വിക്കികുമാര്‍ അരവിന്ദ് ബായിയെ (38) അടിയന്തര ചികിത്സയ്ക്കായി കരയ്ക്കെത്തിക്കുകയായിരുന്നു.
കപ്പലിലെ ഓയിലറായ അരവിന്ദിനെ ഇന്നലെ പുലര്‍ച്ചെയാണ് കരയ്ക്കെത്തിച്ചത്. കപ്പലിനുള്ളില്‍ വീണതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പിരക്കേറ്റതെന്ന് ബന്ധപ്പെട്ട ഏജന്‍സി അധികൃതര്‍ പറഞ്ഞു. തുറമുഖ വകുപ്പിന്റെ ടഗ്ഗായ ധ്വനിയില്‍ കരയ്ക്കെത്തിച്ച അരവിന്ദിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കപ്പല്‍യാത്ര തുടര്‍ന്നതായി തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു.