തിരുവനന്തപുരം : എം ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ ബാലന്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഇത്തരം ഉദ്യോഗസ്ഥരുണ്ടായിരുന്നുവെന്ന് എ.കെ ബാലന്‍ പ്രതികരിച്ചു.
‘മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇ.ഡിയുടേയും കസ്റ്റംസിന്റേയും എന്‍ഐഎയുടേയും മുന്നില്‍ ഹാജരായി മൊഴികൊടുത്തതാണ്. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ആര്‍ക്കും ആക്ഷേപമില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാട്. സര്‍ക്കാരിന് ഇതൊരു തിരിച്ചടി അല്ല’.
‘ഏത് സര്‍ക്കാരിന് കീഴിലും ഇത്തരം ഉദ്യോഗസ്ഥരുണ്ടാവും. അവരെയെല്ലാം പൂര്‍ണമായും മനസ്സിലാക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ സാധിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നിലെത്തിക്കണം’. മന്ത്രി പ്രതികരിച്ചു.