കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കുരുക്കിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ നല്‍കുന്നതിനായി കരാറുകാരന്‍ യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐ ഫോണുകളില്‍ ഒന്ന് ശിശവങ്കറിന് നല്‍കിയിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ വാങ്ങി നല്‍കിയത്. ഇത് ശരിവയ്ക്കുന്നതാണ് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിനു നല്‍കി മൊഴിയും. സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയിസും. ഇതുപ്രകാരം ആറ് ഫോണുകള്‍ വാങ്ങിയെന്നും അഞ്ചെണ്ണം സ്വപ്‌നയ്ക്ക് നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്.
ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഭാഗിക വിലക്ക് നീങ്ങിയാല്‍ സി.ബി.ഐയുടെ അന്വേഷണം ശിവശങ്കറിലേക്കും എത്താനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.
സന്തോഷ് ഈപ്പനെതിരായ അന്വേഷണം സി.ബി.ഐ തുടരുകയാണ്. എന്നാല്‍ ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായ അന്വേഷണം ഹൈക്കോടതി താത്ക്കാലികമായി വിലക്കിയിരുന്നു. ഇത് നീക്കാന്‍ സി.ബി.ഐയുടെ ഭാഗത്തുനിന്ന് നീക്കം തുടരുകയാണ്. അതേസമയം ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യല്‍ തുടരും. കോടതി നിര്‍ദേശം പാലിച്ച് രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍. കോടതി ഏഴ് ദിവസത്തേക്ക് ശിവശങ്കറിനെ ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.