തിരുവനന്തപുരം: എം ശിവശങ്കറിന് സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് എല്‍.ഡി.എഫ്. മുഖ്യമന്ത്രിയോ സര്‍ക്കാരോ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയില്‍ വലിയ സ്വാധീനം ഉണ്ടെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്നും എല്‍ഡിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് തെറ്റിദ്ധാരണാജനകമാണ്. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്പെന്‍ഷനുമായോ ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ, ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളിലാണ് ഇടതു മുന്നണിയുടെ പ്രതികരണം. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നും പ്രസ്താവനയില്‍ അവകാശപ്പെടുന്നു. ആള്‍ ഇന്ത്യ സര്‍വ്വീസില്‍ നിന്നും ശിവശങ്കറിനെ സസ്പെന്റ് ചെയ്തത് ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കൊണ്ടാണെന്നും ശിവശങ്കര്‍ ആള്‍ ഇന്ത്യ സര്‍വ്വീസിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയപ്പോഴാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയോ സര്‍ക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തില്‍ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല; നടത്തുകയുമില്ലെന്നും വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.