റാന്നി: കേരള കോണ്‍ഗ്രസ് എമ്മിലെ ശോഭാചാര്‍ളിയെ റാന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയിലാണ് തിരഞ്ഞെടുപ്പു നടന്നത്. നാലിനെതിരെ എട്ടു വോട്ടുകള്‍ നേടിയാണ് ശോഭാ ചാര്‍ളിയുടെ വിജയം. ശോഭാ ചാര്‍ളിയുടെ പേര് സന്ധ്യാ ദേവി നിര്‍ദേശിച്ചു. അജിമോന്‍ പിന്‍താങ്ങി. യു.ഡി.എഫിനു വേണ്ടി മിനു ഷാജിയാണ് മത്സരിച്ചത്. മിനുവിന്‍റെ പേര് പ്രസന്നകുമാരി നിര്‍ദേശിച്ചു. മിനിതോമസ് പിന്‍താങ്ങി. ഈ ഭരണസമതിയുടെ ആദ്യ കാല പ്രസിഡന്‍റായിരുന്നു ശോഭാചാര്‍ളി.
ബി.ജെ.പി പിന്തുണയോടെയായിരുന്നു അന്ന് പ്രസിഡന്‍റായത്. ഇത് വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും പിന്നീട് രാജി വെക്കുകയുമായിരുന്നു. ഇപ്പോള്‍ പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം ആയതോടെയാണ് വീണ്ടും വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ബി.ജെ.പി അംഗം മന്ദിരം രവീന്ദ്രന്‍ ഇത്തവണ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. യു.ഡി.എഫ് പാനവില്‍ വിജയിക്കുകയും ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പവുമുള്ള സച്ചിന്‍ വയലയും എല്‍.ഡി.എഫിനാണ് വോട്ടു ചെയ്തത്. സച്ചിന്‍ വയലാ രാജിവെച്ച വികസന കാര്യ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍റെ ഒഴിവിലേയ്ക്ക് സി.പി.എം അംഗം അജിമോന്‍ തിരഞ്ഞെടുക്കപ്പെട്ടു. ടൗണ്‍ എംപ്ലോയിമെന്‍റ് ഓഫീസര്‍ സുരേഷായിരുന്നു വരണാധികാരി.