തിരുവനന്തപുരം : ഭിന്നതയിലായിന്ന രണ്ട് പ്രമുഖ ബിജെപി നേതാക്കൾക്കിടയിലെ മഞ്ഞുരുകലിനാണ് ഇന്നലെ നാലാഞ്ചിറ സാക്ഷ്യം വഹിച്ചത്. നരേന്ദ്ര മോദി തലസ്ഥാനത്തെത്തുന്നതിനു രണ്ടു ദിവസം മുമ്പ് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനു വേണ്ടി വോട്ടുതേടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെത്തി.
അഭിപ്രായ വ്യത്യാസം തുടരുന്നുവെന്ന വാർത്തകൾക്കിടെ ഇരുവരും ഒരുമിച്ച് റോഡ് ഷോ നടത്തി. മാർ ഇവാനിയോസ് നഗർ മുതൽ നാലാഞ്ചിറ സ്റ്റെപ് ജംക‍്ഷൻ വരെ ഒരുകിലോമീറ്റർ നീണ്ട പര്യടനത്തെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. ഇരുവരും തമ്മിലുള്ള ഭിന്നത കഴക്കൂട്ടത്തെ മത്സരത്തെ ബാധിക്കുമെന്ന ആശങ്ക ബിജെപിക്കുണ്ടായിരുന്നു.
രാവിലെ നാലാഞ്ചിറ വാർഡിൽ ശോഭയുടെ വാഹനപര്യടനം പുരോഗമിക്കുന്നതിനിടെയാണ് കെ.സുരേന്ദ്രൻ എത്തിയത്. തുറന്ന വാഹനത്തിലേക്ക് കയറിയ സുരേന്ദ്രനെ ഷാൾ അണിയിച്ചാണ് ശോഭ സ്വീകരിച്ചത്. പരസ്പരം കാര്യമായ സംസാരമൊന്നുമുണ്ടായില്ലെങ്കിലും പ്രസ് ഫൊട്ടോഗ്രാഫർമാർക്കു മുന്നിൽ കയ്യുയർത്തി വിജയചിഹ്നം കാണിച്ച് ഇരുവരും പോസ് ചെയ്തു. വാഹനം നീങ്ങിത്തുടങ്ങിയതോടെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ കെ.സുരേന്ദ്രൻ മനസ്സു തുറന്നു. കഴക്കൂട്ടത്ത് വലിയ മുന്നേറ്റമാണ് ശോഭ സുരേന്ദ്രൻ നടത്തിയിട്ടുള്ളത്, അവർ വന്ന ശേഷം ജനങ്ങൾക്കിടയിൽ വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ ശോഭയ്ക്കുണ്ട്. വലിയ വിജയം നേടുമെന്നുംകെ.സുരേന്ദ്രന്‍ പറഞ്ഞു.
കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളുടെ വരവിനെ ഞങ്ങൾ നെഞ്ചേറ്റുകയാണെന്ന് ശോഭാ സുരേന്ദ്രനും പറഞ്ഞു. ഞങ്ങളിരുവരും ഒരുമിച്ച് പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു തുടങ്ങിയവരാണ്. വോട്ടർമാർക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതിനു സ്ഥാനമില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴക്കൂട്ടത്തെ പര്യടനത്തിനു ശേഷം കെ.സുരേന്ദ്രൻ നേമത്ത് കുമ്മനം രാജശേഖരന്റെ റോഡ് ഷോയിലും പങ്കെടുത്തു. പാച്ചല്ലൂർ മുതൽ അമ്പലത്തറ വരെയായിരുന്നു യാത്ര. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളിലും പങ്കെടുത്തു.