ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്സണായി കോൺഗ്രസ്സിലെ ശോഭ വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. കൗൺസിലർ ഇന്ദു രാജനെ 7 നെതിരെ 16 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷത്തെ 3 കൗൺസിലറുമാർ തെരഞ്ഞെടുപ്പിന് ഹാജരായില്ല. ഏക സ്വതന്ത്ര കൗൺസിലർ തെരഞ്ഞെടുപ്പിന് ഹാജരായെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ചെങ്ങന്നൂർ നഗരസഭ 15-ാം വാർഡ് കൗൺസിലർ ശോഭ വർഗ്ഗീസ് 3-ാം തവണയാണ് നഗരസഭാ ചെയർ പേഴ്സണാകുന്നത്. നേരത്തെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ചെങ്ങന്നൂർ സഹകരണ ബാങ്ക് ബോർഡംഗം, ജനശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ, വൈ.എം.സി.എ. വനിതാ ഫോറം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ശോഭ വർഗ്ഗീസിന്റെ പേര് വൈസ് – ചെയർമാൻ മനീഷ് കീഴാമഠത്തിൽ നിർദ്ദേശിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ് പിൻ താങ്ങി. ബി.ജെ.പി. സ്ഥാനാർത്ഥിയായ 11-ാം വാർഡ് കൗൺസിലർ ഇന്ദു രാജന്റെ പേര് വിദ്യഭ്യാസ – കലാ – കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ നിർദ്ദേശിച്ചു. 3-ാം വാർഡ് കൗൺസിലർ എസ്. സുധാമണി പിൻതാങ്ങി. കോൺഗ്രസിലെ ധാരണ പ്രകാരം 18-ാം വാർഡ് കൗൺസിലർ സൂസമ്മ ഏബ്രഹാം രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയിലെ 27 കൗൺസിലർമാരിൽ യു.ഡി.എഫ്. 16 ബി.ജെ.പി. 7 എൽ.ഡി.എഫ്. 3 സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷിനില. ചെങ്ങന്നൂർ ആർ.ഡി.ഒ. ജി. നിർമ്മൽകുമാർ വരണാധികാരിയായിരുന്നു.