ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ അക്രമങ്ങള്‍ തുടരുന്നതിനിടെ നഗരത്തിലെ ഏറ്റുമുട്ടല്‍ പ്രദേശങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ വെടിവെയ്പിന് ഉത്തരവ്.
നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ കലാപകാരികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ അമിത്ഷായുമായി ഉള്ള കൂടിക്കാഴ്ചയില്‍ അക്രമങ്ങള്‍ അടിച്ചൊതുക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ചന്ദ് ബാഗ്, ഭജന്‍പുര എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണ്. കല്ലുകളും മറ്റ് ആയുധങ്ങളും എറിഞ്ഞും കടകള്‍ക്ക് തീയിട്ടുമാണ് അക്രമകാരികള്‍ അഴിഞ്ഞാടിയത്. ദില്ലിയിലെ യമുന വിഹാര്‍ പ്രദേശത്ത് ദില്ലി പോലീസ് എസ്പിയാണ് വെടിവെയ്പ്പ് ഉത്തരവ് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ നാല് പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷൂട്ടിംഗ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എസ്പി അറിയിപ്പില്‍ പറഞ്ഞു.
പൗരത്വ നിയമത്തെത്തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലൂടെ പുതിയ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ ഇതില്‍ 11 പേര്‍ കൊല്ലപ്പെടുകയും 180 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തില്‍ തുടരുന്ന അക്രമങ്ങള്‍ കണക്കിലെടുത്ത് അക്രമബാധിതരായ നാല് പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് – ജാഫ്രാബാദ്, മജ്പൂര്‍, ചന്ദ് ബാഗ്, ദില്ലിയിലെ കരവാല്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കര്‍ഫ്യു. അതേസമയം അക്രമം കണക്കിലെടുത്ത് ഗാസിയാബാദിലെ ജില്ലാ ഭരണകൂടം വടക്ക് കിഴക്കന്‍ ദില്ലിയോട് ചേര്‍ന്നുള്ള മൂന്ന് അതിര്‍ത്തികള്‍ അടച്ചു. ഗാസിയാബാദിലെ ബാറുകളും പബ്ബുകളും അടച്ചു.