തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ കേരള ഷൂട്ടിംഗ് അക്കാദമി ഉദ്ഘാടനം ഇന്ന്. ദേശീയ അന്തര്‍ദേശീയ ഷൂട്ടിംഗ് മത്സരങ്ങളില്‍ കേരളത്തിലെ കുട്ടികള്‍ മികച്ച നേട്ടം കൈവരിക്കുന്നതിനായി വിദഗ്ധ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ കേരള ഷൂട്ടിംഗ് അക്കാദമി ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്‍പത് മുതല്‍ അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങും. അക്കാദമി വഴി ഷൂട്ടിങ്ങില്‍ മികച്ച താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കായികവകുപ്പ്
അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പത്ത് വയസ്സാണ്. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലാണ് പ്രവേശനം. ഒരു ബാച്ചില്‍ 90 പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. കേരള ഷൂട്ടിംഗ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിക്കും. 90 പേര്‍ക്കാണു ആദ്യഘട്ടത്തില്‍ പ്രവേശനം. 2000 രൂപയാണ് ഫീസ്. ദേശീയതാരങ്ങള്‍ 1000രൂപയും രാജ്യാന്തര താരങ്ങള്‍ 500 രൂപയും നല്‍കിയാല്‍ മതി.
വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, നാഷണല്‍ റൈഫില്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കലികേശ് നാരായണ്‍ സിങ് ദിയോ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.