തിരുവനന്തപുരം : കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഇപ്പോൾ ആലോചിക്കുന്നില്ല. രാത്രി 7.30ന് കടകൾ അടക്കണമെന്നും എന്നാൽ ചിലയിടങ്ങളിൽ ഇളവ് വേണമെന്നും . മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകും. സിഎഫ്എൽടിസി ഇല്ലാത്ത താലൂക്കുകളിൽ ഉടനെ സിഎഫ്എൽടിസികൾ സജ്ജമാക്കും. രോഗികളുടെ വർദ്ധനവിനനുസരിച്ച് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
35 ശതമാനത്തിൽ കൂടുതൽ കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ നടത്തും. കൊവിഡ‍് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചു.
ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യമുണ്ട്. മെയ് ഒന്നിന് ശേഷം 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ കൂടി ലഭ്യമാകുന്നതിനാൽ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകൾക്ക് വാക്സിൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കാൻ തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉണ്ടാകണം. ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യം.
കൊവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്താൻ ക്യാമ്പയിനുകൾ നടത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്. പുതിയ നേതൃത്വങ്ങൾക്ക് ഇതിനുള്ള പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിൽ കഴിയുന്ന രോഗികൾക്ക് നേരത്തേ നൽകിയതിന് സമാനമായ സഹായങ്ങൾ എത്തിക്കുന്നതിൽ ഫലപ്രഥമായി ഇടപെടാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയും. വാർഡ് തല സമിതി രൂപീകരിക്കണമെന്നും അതിന്റെ ചുമതല വാർഡിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള ജനപ്രതിനിധിക്ക് ആയിരിക്കും. സാഹചര്യം മനസ്സിലാക്കി ഇടപെടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളക്ക് പൊതുഅവധി. ഹെയർ സെക്കന്ററി പരീക്ഷയിൽ മാറ്റമില്ല. 24, 25 തീയതികളിൽ അവശ്യ സർവ്വീസുകൾ മാത്രം. നേരത്തേ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം എന്നിവ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. 75 പേർ എന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. 75 ൽ എത്തിക്കാതെ പങ്കാളിത്തം എത്രത്തോളം കുറയ്ക്കാനാകുമോ അത്രയും നല്ലതായിരിക്കും.
നിലവിലെ സാഹചര്യം വിലയിരുത്തി ഈ പരിധി കുറയ്ക്കേണ്ടതും ആലോചിക്കേണ്ടി വരും. സാമൂഹ്യ അകലം പാലിക്കൽ പ്രധാനം. ഹാളിനകത്തെ പരിപാടികളിലും നല്ല ശ്രദ്ധ വേണം. അവിടങ്ങളിൽനിന്നാണ് കൂടുതൽ വൈറസ് ബാധ ഏൽക്കുന്നതെന്നാണ് റിപ്പോർട്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ മാത്രം നടത്തുക. ട്യൂഷൻ സെന്ററുകൾ നടത്താൻ പാടില്ല.
സമ്മർ ക്യാമ്പുകൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് തുടരേണ്ടതില്ല. ബീച്ച് പാർക്ക് എന്നിവിടങ്ങളിൽ പ്രോട്ടോകോൾ പാലിക്കുന്നത് പോലീസും സെൻട്രൽ മജിസ്ട്രേറ്റുമാരും പൂർണ്ണമായും ഉറപ്പാക്കണം. രാത്രികാല നിയന്ത്രണം ശക്തമായി തുടരും. രാത്രികാലങ്ങളിൽ ആഹാരത്തിന് വിഷമമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നോമ്പുകാലമായതിനാൽ വീടുകളിൽ നിന്നല്ലാതെ ഹോട്ടലിനെ ആശ്രയിക്കുന്നവരുമുണ്ടാകും. അത്തരം ആളുകൾക്ക് ഭക്ഷണം ലഭ്യമാകുക എന്നത് പ്രധാനമാണ്. അത്തരം ക്രമീകരണം അതത് സ്ഥലത്ത് ഉണ്ടാകണം.