തിരുവനന്തപുരം: സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളുടെ ക്ഷാമം തുടരുന്നതായി റിപ്പോർട്ട്. കുടിശ്ശിക കിട്ടാനുള്ള പലവ്യഞ്ജന വിതരണക്കാരുടെ നിസഹകരണം തുടർന്നതോടെയാണ് മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിട്ടത്. നിലവിൽ, 400 കോടി രൂപയോളമാണ് സർക്കാർ പലവ്യഞ്ജന വിതരണക്കാർക്ക് കുടിശ്ശികയായി നൽകാനുള്ളത്. ഇവ വീട്ടാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. സാധാരണയായി രണ്ടര മാസം കൂടുമ്പോഴാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ടെൻഡർ വിളിച്ച് പർച്ചേസ് നടത്തുന്നത്. കോടികളുടെ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം കമ്പനികളും ടെൻഡർ നടപടികളിൽ വിട്ടുനിൽക്കുന്നത് തിരിച്ചടിയായിട്ടുണ്ട്.
ആഗസ്റ്റ് അവസാന വാരം ഓണം എത്തുന്ന സാഹചര്യത്തിൽ, കുടിശ്ശിക പരിഹരിക്കാത്ത പക്ഷം വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. മുളക്, ചെറുപയർ, സാമ്പാർ പരിപ്പ്, കടല തുടങ്ങിയവയുടെ സ്റ്റോക്ക് ഭൂരിഭാഗം മാവേലി സ്റ്റോറുകളിലും തീർന്നിട്ടുണ്ട്. പഞ്ചസാര, ഉഴുന്ന് ഉൾപ്പെടെ നിത്യോപയോഗ വസ്തുക്കളുടെ സ്റ്റോക്ക് ഇനി മൂന്ന് ദിവസത്തേക്ക് മാത്രമാണ് ബാക്കിയുള്ളത്. സബ്സിഡി ഉൽപ്പന്നങ്ങൾ ലഭിക്കാത്തതോടെ, മാവേലി സ്റ്റോറുകളിൽ എത്തിയശേഷം ഉപഭോക്താക്കൾ നിരാശരായാണ് മടങ്ങുന്നത്. മാവേലി സ്റ്റോർ, സപ്ലൈകോ സൂപ്പർമാർക്കറ്റ് തുടങ്ങിയ ഇടങ്ങളിൽ 13 ഇനം സബ്സിഡി ഉൽപ്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്.