തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സംസ്ഥാന പോലീസ് മേധാവിയെ നിശ്ചയിക്കാനുള്ള ചുരുക്കപ്പട്ടികയ്ക്ക് തിങ്കളാഴ്ച അന്തിമരൂപമാകും. വി.പി.ജോയ് വിരമിക്കുന്ന ഒഴിവിലുള്ള പുതിയ ചീഫ് സെക്രട്ടേറിയേയും അടുത്തയാഴ്ച നിശ്ചയിച്ചേക്കും. ആഭ്യന്തര സെക്രട്ടറിയായ വി.വേണുവിനാണ് സാധ്യത കൂടുതല്‍. ഇതോടെ അടുത്തമാസം സംസ്ഥാനത്ത് പുതിയ ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമെത്തും. അനില്‍കാന്തിന് പകരക്കാരനെ കണ്ടെത്താനുള്ള ആദ്യ യു.പി.എസ്.സി യോഗമാണ് തിങ്കളാഴ്ച ഡെല്‍ഹിയില്‍ ചേരുന്നത്. സംസ്ഥാനം നല്‍കിയിട്ടുള്ള എട്ട് പേരുടെ പട്ടികയില്‍ നിന്ന് മൂന്ന് പേരെ തിരഞ്ഞെടുത്ത് തിരിച്ച് നല്‍കും.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലങ്കില്‍ നിധിന്‍ അഗര്‍വാള്‍, കെ.പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവരാവും പട്ടികയില്‍. ബി.എസ്.എഫ് ഡയറക്ടര്‍ ജനറലായുള്ള നിയമനം പരിഗണിച്ച് നിധിന്‍ അഗര്‍വാള്‍ ഒഴിവായാല്‍ ഹരിനാഥ് മിശ്ര കൂടി പട്ടികയില്‍ ഉള്‍പ്പെടും. പക്ഷെ ഡി.ജി.പി പദവിക്കായുള്ള യഥാര്‍ത്ഥപോരാട്ടം പത്മകുമാറും ദര്‍ബേഷ് സാഹിബും തമ്മിലാണ്. ഇരുവര്‍ക്കുമായി രാഷ്ട്രീയനീക്കങ്ങള്‍ ശക്തമെങ്കിലും മുഖ്യമന്ത്രി മനസ് തുറന്നിട്ടില്ല. പോലീസ് മേധാവി മാത്രമല്ല, ഉദ്യോഗസ്ഥ മേധാവിയായ ചീഫ് സെക്രട്ടറിയും 30ന് മാറും.
നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വി.വേണു വി.പി.ജോയിയുടെ പകരക്കാരനായേക്കും. ഗ്യാനേഷ്കുമാര്‍, മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ സിങ്, ആര്‍.കെ.സിങ്, അല്‍കേഷ്കുമാര്‍ ശര്‍മ എന്നിവരാണ് ചീഫ് സെക്രട്ടറിയായി പരിഗണിക്കാന്‍ സീനിയോരിറ്റിയുള്ള മറ്റുള്ളവര്‍. ഇവരെല്ലാം കേന്ദ്ര ഡെപ്യൂട്ടേഷനിലായതും മലയാളിയെന്ന പരിഗണനയുമാണ് വേണുവിന് തുണയാകുന്നത്. വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രിയെത്തിയ ശേഷമുള്ള മന്ത്രിസഭായോഗം ജൂലായ് 1 മുതല്‍ കേരളം ഭരിക്കേണ്ട ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയെയും നിശ്ചയിക്കും.