ഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധവധക്കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനാവാലയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി ഡിസംബര്‍ 22-ന് പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന കൂടിക്കാഴ്ച്ചയില്‍ തന്റെ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്ന് അഫ്താബ് കോടതിയോട് ആവശ്യപ്പെട്ടു. അഡ്വ: അവിനാഷാണ് അഫ്താബിന്റെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തിങ്കളാഴ്ച (ഡിസംബര്‍ 19) അഫ്താബിന് അഭിഭാഷകനെ കാണാം.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പൂനാവാലയെ കോടതിയില്‍ ഹാജരാക്കിയത്. ഡല്‍ഹി ശ്രദ്ധ വാക്കര്‍ കൊലപാതകത്തില്‍ മുഖ്യപ്രതിയായ അഫ്താബ് പൂനാവാല വെള്ളിയാഴ്ച്ചയാണ് ഡല്‍ഹി സാകേത് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡിസംബര്‍ 9 ന് കോടതി പൂനാവാലയുടെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. നിലവില്‍ ഡിസംബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പൂനാവാല ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്.
അഫ്താബ്, ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി, ശരീരം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്റര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റൗളി വനമേഖലയില്‍ ദിവസങ്ങളോളം തള്ളിയെന്നാണ് കേസ്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഫ്താബ് പങ്കാളിയായ ശ്രദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി സൗത്ത് ഡല്‍ഹിയിലെ കാട്ടിലും മറ്റ് പലയിടത്തുമായി ഉപേക്ഷിച്ചത്.
മാസങ്ങള്‍ക്ക് ശേഷം ശ്രദ്ധയുടെ വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെ തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയിലാണ് കൊലപാതകം വെളിച്ചത്തായത്. തുടര്‍ന്ന് നവംബറില്‍ അഫ്താബ് പോലീസ് പിടിയിലായി. കേസില്‍ അഫ്താബ് കുറ്റസമ്മതം നടത്തിയിരുന്നു. 2019 ല്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് വാക്കറും പൂനാവാലയും പരിചയപ്പെട്ടത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് താമസം മാറി. ഒന്നിച്ചുളള താമസത്തില്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ബന്ധം വഷളാകുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ മെഹ്‌റൗളി വനത്തില്‍ നിന്ന് ലഭിച്ച അസ്ഥികഷ്ണങ്ങള്‍ ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എയുമായി സാമ്യമുണ്ടെന്ന് കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥിരീകരിച്ചിരുന്നു. അഫ്താബിന്റെ പോളിഗ്രാഫ്, നാര്‍കോ ടെസ്റ്റിന്റെ വിശദമായ റിപ്പോര്‍ട്ടും പോലീസിന്റെ കൈയ്യിലുണ്ട്. ശ്രദ്ധയുടെ മൃതദേഹം അന്വേഷിക്കുന്നതിനിടെ 13 അസ്ഥിക്കഷണങ്ങളാണ് പോലീസ് ഇതുവരെ കണ്ടെത്തിയിട്ടുളളത്.