തിരുവനന്തപുരം : ശ്രുതിതരംഗം പദ്ധതിയിൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും അപ്ഗ്രഡേഷനും ദ്രുതഗതിയിലെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റ്. ഒരു വർഷം മുമ്പ് നൽകിയ അപേക്ഷകൾ സർക്കാർ അംഗീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയിട്ടില്ല. സൗജന്യസേവനം ലഭ്യമാക്കിയതിന്‍റെ കണക്കുകൾ മന്ത്രി നിരത്തുമ്പോഴും ആശുപത്രികൾ തിരിച്ചയക്കുന്നുവെന്ന പരാതി രക്ഷിതാക്കൾ ആവർത്തിക്കുകയാണ്. എല്ലാം കൃത്യം കൃത്യമെന്ന ആരോഗ്യമന്ത്രിയുടെ ഈ ഉറപ്പിന് തന്നെ ആറ് മാസം പഴക്കമുണ്ട്. അത് നടപ്പിലാക്കിയെങ്കിൽ ശ്രുതിതരംഗം പദ്ധതിയിൽ പരാതികളുണ്ടാവില്ലല്ലോ? കേട്ടുകൊണ്ടിരിക്കെ ഉപകരണം കേടായതുകൊണ്ട് നാളുകളായി ശബ്ദങ്ങൾ അന്യമായ കുട്ടികൾ ഉണ്ടാവരുതല്ലോ? അങ്ങനെയാണോ കാര്യങ്ങൾ?
കണ്ണൂർ എളയാവൂരിലെ അനുഷ്ക. ഒരു വർഷവും രണ്ട് മാസവുമായി അവൾക്ക് കേൾക്കുന്നില്ലെന്ന് നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് അറിയാത്തതല്ല. മുഖ്യമന്ത്രിക്ക് വരെ അപേക്ഷ നൽകിയതാണ് കൂലിപ്പണിക്കാരനായ അച്ഛനും അപ്പൂപ്പനും. എന്നിട്ടും കേടായ കേൾവി ഉപകരണം അവൾക്ക് മാറിക്കിട്ടിയില്ല. സർക്കാരിന്‍റെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഓഫീസുകളിൽ അപ്പൂപ്പൻ കയറിയിറങ്ങുന്നു. ശ്രുതിതരംഗം പദ്ധതിയിൽ തടസ്സങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട് അനുഷ്കയുടെ അനുഭവം. കേൾവിയടഞ്ഞുപോയ കുട്ടികളെയല്ലെങ്കിൽ സർക്കാർ പിന്നെയാരെയാണ് കേൾക്കുന്നത്? അംഗീകരിച്ച അപേക്ഷകളുടെ കണക്ക് മാത്രമെടുക്കുന്ന ആരോഗ്യമന്ത്രി, അനുഷ്കയെപ്പോലുളളവരുടെ സങ്കടം ഏത് കണക്കിലാണെഴുതുന്നത്?