പത്തനംതിട്ട : ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ ഉറവിടത്തില്‍ തന്നെ തരം തിരിക്കണമെന്നും അജൈവ പാഴ്വസ്തുക്കള്‍ പ്രത്യേകം സൂക്ഷിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണമെന്നുമുള്ള ആശയം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ഹോര്‍ഡിംഗുകള്‍ക്കുള്ള ഡിസൈനുകള്‍ ക്ഷണിച്ചുകൊണ്ട് ശുചിത്വ മിഷന്‍ മത്സരം സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, പരസ്യ ഏജന്‍സികള്‍ തുടങ്ങി നല്ല ആശയങ്ങള്‍ ഡിസൈനിലൂടെ പങ്കുവയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
സംസ്ഥാനവ്യാപകമായി ഹരിതകര്‍മ്മസേനയുടെ സേവനങ്ങളെകുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉറവിടത്തില്‍ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുവാന്‍ പര്യാപ്തമായതും ആയിരിക്കണം ഡിസൈനുകള്‍. ഹോര്‍ഡിംഗുകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള മികച്ച ഡിസൈനുകള്‍ ലഭ്യമാക്കിയെങ്കില്‍ മാത്രമേ പാരിതോഷികം ലഭിക്കുകയുള്ളൂ. സംസ്ഥാനവ്യാപകമായ പ്രചാരണത്തിന് ഉപയോഗിക്കേണ്ട ഡിസൈന്‍ ആശയമായതിനാല്‍ അതിന് പര്യാപ്തമായ നിലവാരമുള്ള എന്‍ട്രികള്‍ ലഭിച്ചെങ്കില്‍ മാത്രമേ മികച്ചത് തെരഞ്ഞെടുക്കുകയുള്ളൂ.
ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം എന്‍ട്രികള്‍ എ3 സൈസ് ഷീറ്റില്‍ ഡിജിറ്റല്‍ പ്രിന്റ് ആയി സംസ്ഥാന ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ടും സോഫ്റ്റ്കോപ്പി [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസത്തിലും ലഭിക്കണം. ഒക്ടോബര്‍ 12 ന് വിജയികളെ പ്രഖ്യാപിക്കും. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ഡിസൈനിന് 10000 രൂപ പാരിതോഷികം ലഭിക്കും. ഒന്നിലധികം മികച്ച ആശയങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ രണ്ടുംമൂന്നും സ്ഥാനങ്ങള്‍ വിധികര്‍ത്താക്കളുടെ പൊതു അഭിപ്രായത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുമെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.