ഹരിപ്പാട് : കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ നെൽക്കൃഷിക്ക് ഉപ്പുവെള്ളം ഭീഷണിയാകുമ്പോഴും തൃക്കുന്നപ്പുഴ ചീപ്പിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയുന്നില്ല. കാലപ്പഴക്കംനിമിത്തം ദ്രവിച്ചനിലയിലാണ് ചീപ്പിന്റെ ഷട്ടറുകൾ. വേലിയേറ്റസമയത്ത് തൃക്കുന്നപ്പുഴയിൽനിന്നു വടക്കോട്ട് ഉപ്പുവെള്ളം കയറുകയാണ്. ഇതു തോട്ടപ്പള്ളിയിലും ലീഡിങ് ചാനൽ വഴി കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പാടശേഖരങ്ങളിലുമെത്തുന്നത് നെൽക്കൃഷിക്ക് വലിയ ഭീഷണിയായിരിക്കുകയാണ്.
ഡിസംബർ പകുതിയോടെയാണ് തൃക്കുന്നപ്പുഴ ചീപ്പ് പ്രവർത്തിപ്പിച്ചുതുടങ്ങിയത്. വേലിയിറക്കത്തിൽ ചീപ്പിന്റെ ഷട്ടർ തുറന്നിടും. ഈ സമയത്ത് വെള്ളം കായംകുളം കായലിലേക്ക് ഒഴുകിമാറും. ഉച്ചകഴിയുന്നതോടെ വേലിയേറ്റം തുടങ്ങും. ഈസമയം കായലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതു തടയാനാണ് ചീപ്പിന്റെ ഷട്ടർ അടയ്ക്കുന്നത്. തകരാറിലായിരിക്കുന്ന ഷട്ടറുകൾ ചേർത്തടയ്ക്കുന്ന ഭാഗത്ത് ഒരടിയോളം തുറന്നുകിടക്കുകയാണ്.
ഇതുവഴിയാണ് വലിയതോതിൽ ഉപ്പുവെള്ളം കയറുന്നത്. തൃക്കുന്നപ്പുഴ ചീപ്പിൽ രണ്ട് ഷട്ടറുകളാണുള്ളത്. ഇതിൽ കിഴക്കുഭാഗത്തെ ഷട്ടർ ദേശീയജലപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരിക്കുകയാണ്. പടിഞ്ഞാറുഭാഗത്തെ 20 അടി വീതിയുള്ള ഷട്ടറാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ദേശീയജലപാതയുടെ ഭാഗമായി തൃക്കുന്നപ്പുഴയിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കും. അടുത്ത സീസണിലേ ഇതിനു സാധ്യതയുള്ളൂ. അതുവരെ നിലവിലുള്ള ഷട്ടറുകൾ തന്നെ ഉപയോഗിക്കേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. തൃക്കുന്നപ്പുഴയ്ക്കു കിഴക്കുള്ള പുളിക്കീഴിൽ ഇത്തവണ വളരെ നേരത്തേ താത്കാലിക ബണ്ട് സ്ഥാപിച്ചിരുന്നു. മുൻവർഷങ്ങളിൽ ഇവിടെ ബണ്ടിടാൻ വൈകുന്നതുനിമിത്തം വടക്കൻപ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളംകയറുന്ന സാഹചര്യമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിച്ചപ്പോഴാണ് തൃക്കുന്നപ്പുഴ ചീപ്പ് വില്ലനാകുന്നത്. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളും തകരാറിലാണ്. ഇതുവഴിയും ഉപ്പുവെള്ളം കയറുന്നുണ്ട്.