കൊച്ചി : ജലനിരപ്പ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മൂന്ന് ഷട്ടറുകള്‍ വീതം 20 സെന്‍റീമീറ്ററാണ് തുറന്നത്. ഇതേ തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. 42.00 മീറ്ററാണ് മലങ്കര അണക്കെട്ടിന്റെ സംഭരണശേഷി. ജലനിരപ്പ് 41.64 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.
അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.