മലപ്പുറം: പരപ്പനങ്ങാടി സിഐ വനിതാ ജീവനക്കാരിയെ അപമാനിച്ചതായി പരാതി. അവധി ദിവസങ്ങളില്‍ പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത പരപ്പനങ്ങാടി സിഐ ഹണി കെ ദാസിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ചു ജോ.കൗണ്‍സില്‍ വനിതാ കമ്മിറ്റി കളക്ടര്‍ക്ക് പരാതി നല്‍കി.
തിരൂരങ്ങാടി താലൂക്കില്‍ ഞായറാഴ്ച ജോലിക്ക് എത്തിയ ടൈപ്പിസ്റ്റ് ലേഖ, ഭര്‍ത്താവ് പ്രമോദ് എന്നിവരെയാണ് പരപ്പനങ്ങാടി സിഐ തടഞ്ഞു വെച്ചത്. പ്രമോദിന്റെ മൊബൈല്‍ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലെത്തിയ തിരൂരങ്ങാടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാരെയും അപമാനിച്ചതായാണ് പരാതി.
മര്‍ദ്ദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സ്വന്തം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും പരിഗണിക്കാതെ അവധി ദിവസങ്ങളില്‍ പോലും ജോലിക്ക് എത്തുന്ന വനിതാ ജീവനക്കാരടക്കമുള്ളവരെയും കൂടെ യാത്ര ചെയ്യുന്ന ബന്ധുക്കളേയും പോലീസ് തടഞ്ഞു വെച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രസിഡന്റ് ജി സത്യറാണി, സെക്രട്ടറി സീമ സി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കവിതാ സദര്‍, എം ഗിരിജ എന്നിവര്‍ കളക്ടര്‍ക്ക് പരാതി നല്‍കി.സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.