കൊട്ടാരക്കര : ടിപ്പറിനടിയില്‍പ്പെട്ട് മരിച്ച എസ്‌ഐയുടെ സംസ്‌കാരം ഇന്ന്. താലൂക്ക് ആശുപത്രിയിലെ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിക്കിടെ ചായ കുടിക്കാന്‍ റോഡിലേക്ക് ഇറങ്ങിയ കൊട്ടാരക്കര സ്റ്റേഷനിലെ എസ്‌ഐ പൂയപ്പള്ളി സ്വദേശി ഇളമ്പല്‍ കുണ്ടയം ബെസ്സി ഭവനില്‍ ജോണ്‍സണ്‍ (53) ആണ് മരിച്ചത്. കോന്നിയില്‍ നിന്നു പാറപ്പൊടിയുമായി കുണ്ടറ ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പറിടിച്ചായിരുന്നു അപകടം.
റോഡ് കുറുകെ കടക്കാനായി മുന്നോട്ടു നീങ്ങിയ ജോണ്‍സണ്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ജോണ്‍സണ്‍ ടിപ്പറിന് മുന്നിലേക്ക് കുഴഞ്ഞു വീണതാകാമെന്നും പോലീസ് സംശയിക്കുന്നു. ജോണ്‍സണ് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. ഇതിനു ശേഷം കടുത്ത ശാരീരിക അവശതകള്‍ ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇന്നലത്തെ ഡ്യൂട്ടി തീരാന്‍ 2 മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് സംഭവം.
സമീപകാലം വരെ റെയില്‍വേ പോലീസ് ഡ്യൂട്ടിയിലായിരുന്നു. ഏതാനും ആഴ്ച മുന്‍പാണ് കൊട്ടാരക്കര സ്റ്റേഷനില്‍ എത്തിയത്. മൃതദേഹം ഇന്നു രാവിലെ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ഇളമ്പലിലെ വീട്ടിലും ശേഷം 12ന് ഇളമ്പല്‍ മരങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാരവും നടക്കും. പുനലൂര്‍ ഗവ.എച്ച്‌എസ് ലെ അധ്യാപിക ബെസ്സി ജോണ്‍സന്‍ ആണ് ഭാര്യ. മക്കള്‍ – കിരണ്‍ ജോണ്‍സന്‍, കെവിന്‍ ജോണ്‍സന്‍.