സിക്കിം: വടക്കൻ സിക്കിമിൽ ഒറ്റപ്പെട്ടുപോയ 1,200-ലധികം വിനോദസഞ്ചാരികളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സൈന്യം നിർണായക പങ്ക് വഹിക്കുന്നു. ജൂൺ 12 മുതൽ വടക്കൻ സിക്കിമിൽ കുടുങ്ങിക്കിടക്കുന്ന ഈ വിനോദസഞ്ചാരികളുടെ ഒഴിപ്പിക്കൽ ജൂൺ 17 ന് ആരംഭിച്ചു. ഇതുവരെ 115-ലധികം ആളുകൾക്ക് സൈന്യം വൈദ്യസഹായം നൽകിയിട്ടുണ്ട്. സിവിൽ അഡ്മിനിസ്‌ട്രേഷൻ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ത്രിശക്തി കോർപ്‌സിന്റെ സൈനികർ വലിയ രീതിയിൽ സഹായിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. വൻതോതിൽ മണ്ണിടിച്ചിലിനെത്തുടർന്ന് സഞ്ചാരികളെ കാൽനടയായും വാഹനങ്ങൾ വഴിയും കണക്ടിവിറ്റിയുള്ള സ്ഥലങ്ങളിൽ എത്തിക്കുകയാണ്.
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ സിഗ്നലർമാർ ബിഎസ്എൻഎല്ലിന്റെയും എയർടെല്ലിന്റെയും മൊബൈൽ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സഹായിച്ചു. ജൂൺ 12 മുതൽ തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും അവരുടെ ബന്ധുക്കളുമായി സംസാരിക്കുന്നതിന് ഇന്ത്യൻ സൈന്യം അര ഡസനിലധികം ടെലിഫോൺ ബൂത്തുകൾ സ്ഥാപിച്ചു. മെഡിക്കൽ ടീമുകൾ സജ്ജീകരിച്ചിട്ടുണ്ട്, എയ്ഡ് ബൂത്തുകൾ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പരിചരണം നൽകുന്നു. ഈ നിർണായക സമയത്ത് നിലനിൽക്കാൻ ആവശ്യമായ റേഷനും മറ്റ് ലോജിസ്റ്റിക് പിന്തുണയും നൽകിയിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.