കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി. നിശബ്ദമായ കാടും മനുഷ്യസ്പർശമോ നോട്ടമോ പോലും എത്തിച്ചേരാത്ത കന്യാവനങ്ങളും ചേർന്നു കൗതുകവും സന്തോഷവും നല്കുന്ന ഒരു യാത്രയാണ് സഞ്ചാരികൾക്ക് സൈലന്റ് വാലി നല്കുന്നത്. ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ വൻ നഷ്ടമെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കുന്ന യാത്രാനുഭവങ്ങളും കാഴ്ചകളും നല്കന്ന സൈലന്റ് വാലി ദേശീയോദ്യാനം ഇപ്പോഴിതാ സന്ദർശകർക്കായി ഒരുങ്ങിയിരിക്കുകയാണ്. പുറമേ നിന്നു കാണുന്നതിലുമധികം കാഴ്ചകളും അതിശയങ്ങളും ഒളിപ്പിച്ച ഇടമാണ് സൈലന്റ് വാലിയിലെ വനങ്ങൾ. കാട് എന്ന വാക്കിന് ഏറ്റവും മനോഹരമായ അർത്ഥവും കാഴ്ചയും നല്കുന്ന ഇടങ്ങളിലൊന്നാണ് സൈലന്റ് വാലി. കാടും കാറ്റും പച്ചപ്പും മഴയും കൊണ്ട് ഒരു യാക്ര ആഗ്രഹിക്കുന്നവര്‍ ഇവിടം കണ്ടിരിക്കണം. ബഹളങ്ങളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും മാറി പ്രകൃതിയെ നേരിട്ട് അറിയാനാണ് ഇവിടേക്ക് വരേണ്ടത്. പെട്ടന്നു വന്ന് കാടു കണ്ട് കാട്ടിനുള്ളിലൂടെ കറങ്ങി ജംഗിൾ സഫാരി കഴിഞ്ഞ് വേഗത്തിൽ മടങ്ങുന്നതിനേക്കാൾ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് ഇവിടെ താമസിച്ച് സഫാരിയും കാഴ്ചകളും കണ്ടു മടങ്ങുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യാൻ. ഒരുപാട് കാഴ്ചകള്‍ ഉള്ളതിനാൽ തന്നെ ഇവിടേക്കുള്ള യാത്ര ഒട്ടും മടുപ്പിക്കില്ല.
തൂക്കുപാലം
സൈലന്റ് വാലി കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇവിടുത്തെ തൂക്കുപാലമാണ്. കാടിനുള്ളിലൂടെ പിടിവിട്ടൊഴുകുന്ന സൈരന്ധ്രി നദി കാണാനുള്ള ഏറ്റവും മികച്ച അവസരമാണ് നല്കുന്നത്. ഇത് കൂടാതെ ഇവിടുത്തെ സൈരന്ധ്രിയിലെ കാവല്‍ ഗോപുരം ദേശീയോദ്യാനത്തിന്റെ മുഴുവൻ കാഴ്ചകളും പകർത്താൻ പറ്റിയ ഇടമാണ്. 100 അടി ഉയരമുള്ള ഇതിനു മുകളിൽ നിന്നാൽ പ്രദേശത്തിന്റെ മുഴുവൻ കാഴ്ചയും കാണാം.
—
സൈലന്റ് വാലി സഫാരി
സൈലന്റ് വാലിയിൽ വരാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇവിടുത്തെ സഫാരി പോകാൻ പാകത്തിൽ വേണം എത്താൻ. കാടിനെയും കാടിന്റെ നിശബ്ദതയെയും അറിഞ്ഞ് കാടിന്റെ കാഴ്ചകളും കാട്ടുജീവികളെയും കണ്ട് ഏകദേശം നാല് മണിക്കൂർ സമയം നീണ്ടു നിൽക്കുന്നതാണ് സൈലന്റ് വാലി സഫാരി. രാവിലെ 8.00 മണിക്ക് പോയി തിരികെ ഉച്ചയ്ക്ക് 1.00 മണിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര. വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയിലെ 17 ജീപ്പുകളുമാണ് ഇവിടെ സഫാരിക്കായി ലഭ്യമാക്കിയിട്ടുള്ളത്.
—
സൈലന്‍റ് വാലി താമസം
സൈലന്റ് വാലിയിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ഓപ്ഷനുകൾ ലഭ്യമാണ്. നദീതീരത്തെ റിവർ ഹട്ടിൽ താമസിക്കാനും ദേശീയോദ്യാനം കാണാനും വെറും 2500 രൂപയുടെ ചെലവേയുള്ളൂ. സൈലന്റ് വാലി ട്രെക്കിങ്ങിനാണ് പോകുന്നതെങ്കിൽ കീരിപ്പാറ, കരുവാര ഭാഗങ്ങളിലേക്ക് ആണ് നിങ്ങളെ കൊണ്ടുപോവുക. ഒരു കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെ നടക്കാനാണ് ഇവിടെ സാധിക്കുക. കൂടാതെ ഡോർമിറ്ററി, ഇൻസ്പെക്ഷൻ ബംഗ്ലാവ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപത്തുള്ള ഡോര്‍മിറ്ററിയിൽ 16 പേർക്ക് താമസിക്കാനാണ് അവസരം. ഒപ്പം സന്ദര്‍ശനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവും ഉണ്ട്. ഇത് കൂടാതെ ബൊമ്മിയാംപടിയിലും താമസസൗകര്യം ലഭ്യമാണ്. സൈലന്‍റ് വാലി ഫോൺ ബുക്കിങ് നമ്പര്‍-8589895652. ഇവിടുത്തെ താമസം, ബുക്കിങ്, പരിപാടികൾ തുടങ്ങിയവ അറിയുന്നതിനായും ബുക്ക് ചെയ്യുന്നതിനായും ഈ നമ്പറിൽ ബന്ധപ്പെടാം.