സൈലന്റ് വാലിക്ക് മാത്രം നല്കാൻ കഴിയുന്ന ചില സന്തോഷങ്ങളുണ്ട്. കാടിന്‍റെ കുളിരും കണ്ണെടുക്കാന്‍ തോന്നിപ്പിക്കാത്ത കാഴ്ചകളും മഴയും പച്ചപ്പിന്‍റെ വിവിധ ഭേദങ്ങളും ഒക്കെ അറിഞ്ഞും അനുഭവിച്ചുമുള്ള ഒരു സഞ്ചാരമാണ് നിശബ്ദ താഴ്വരയായ സൈലന്‍റ് വാലി നല്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ബാഗുമെടുത്ത് പോകാൻ തോന്നുകയും ചെയ്യും. അങ്ങനെ ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ഇത് വന്നിരിക്കുകയാണ്. പൊന്നാനി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ല് നടത്തുന്ന സൈലന്റ് വാലി ഏകദിന യാത്ര സെപ്റ്റംബർ 17 ഞായറാഴ്ച പുലർച്ചെ ഡിപ്പോയിൽ നിന്നാരംഭിക്കും. ബസ് മാറി കയറാതെ തലേന്ന് തന്നെ പാലക്കാടിന് പോകാതെ ഒരു സൈലന്‍റ് വാലി യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഈ പാക്കേജിനെക്കുറിച്ച് വിശദമായി വായിച്ചാലോ?
17 ന് രാവിലെ 5.00 മണിക്ക് പൊന്നാനി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് ഏകദേശം 9 മണിയോടെ സൈലന്‍റ് വാലിയിലെത്തിച്ചേരും. ഭക്ഷണവും ചെറിയൊരു ഫ്രഷ് അപ്പും കഴിഞ്ഞ ശേഷം വനംവകുപ്പിന്‍റെ വാഹനത്തിലാണ് കാടിനുള്ളിലേക്ക് സൈലന്‍റ് വാലിയുടെ ഭ്രമിപ്പിക്കുന്ന കാഴ്ചകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കാടിനുള്ളിലേക്കും തിരിച്ചും രണ്ടു മണിക്കൂർ വീതം ആകെ നാലു മണിക്കൂറാണ് സൈലന്‍റ് വാലി കാടിനുള്ളിലൂടെയുള്ള ഈ യാത്ര. മഴക്കാടിന്‍റെ കുളിരും കോടമഞ്ഞും കൊണ്ട് വണ്ടിയിലിരുന്ന് അതാസ്വദിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒരു യാത്രയ്ക്കും നല്കാനാകില്ല എന്നതാണ് സൈലന്‍റ് വാലിയുടെ പ്രത്യേകത. ഒരിക്കൽ വന്നവര്‍ മുടങ്ങാതെ വീണ്ടും വന്നുപോകുന്നതിന്‍റെ രഹസ്യവും ഇതുതന്നെ. ഫോണിന്‍റെ ബഹളങ്ങളോ ഓൺലൈൻ അപ്ഡേഷനുകളോ ഒന്നുമില്ലാതെ കാടു കണ്ട് ചിലവഴിക്കുന്ന നാല് മണിക്കൂർ ആണ് ഈ സൈലന്‍റ് വാലി യാത്രയുടെ ഹൈലൈറ്റ്.
മറ്റു ജംഗിൾ സഫാരികൾ പോലെ കാട്ടുമൃഗങ്ങൾ ഒന്നും ഈ യാത്രയിൽ മുഖം കാണിക്കാനെത്തില്ലെങ്കിലും പേരറിയുന്നതും അറിയാത്തതുമായ സസ്യങ്ങളുടെയും മരങ്ങളുടെയും വലിയൊരു ലോകമാണ് മുന്നിൽ കാണുക. ലോകത്ത് തന്നെ മറ്റൊരിടത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത ജൈവവൈവിധ്യത്തിന്‍റെ ലോകത്തേയ്ക്ക് കയറിച്ചെല്ലാം. അതും വളരെ ചുരുങ്ങിയ ചെലവിൽ എന്നതാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന സൈലന്റ് വാലി സഫാരിയെ ജനപ്രിയമാക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെ സഫാരി കഴിഞ്ഞിറങ്ങി ഇവിടുന്നു തന്നെ ഉച്ചഭക്ഷണവും കഴിച്ച് സൈലന്‍റ് വാലിയോട് വിട പറയും.
കാരാപ്പുഴ അണക്കെട്ട് കണ്ട് കുറച്ചുനേരം അവിടെയും ചെലവഴിക്കാൻ അവസരമുണ്ട്. തുടർന്ന് ആറ് മണിയോടെ ബസ് പൊന്നാനിക്ക് പുറപ്പെടും. രാത്രി പത്തോടെ തിരികെ ഡിപ്പോയിൽ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരു ഡിപ്പോയിൽ നിന്ന് സൈലന്‍റ് വാലിയിലേക്ക് മാസം ഒരു യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഡിപ്പോകളിൽ നിന്നും സൈലന്‍റ് വാലി യാത്രയുള്ളതിനാലാണ് ഇത്. പൊ്ന്നാനിയിൽ നിന്നുള്ള യാത്രയ്ക്ക് 1400 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. പൊന്നാനി ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൈലന്‍റ് വാലി യാത്രയെക്കുറിച്ച് വിശദമായി അറിയുവാനും ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങൾക്കും 9846531574 എന്ന ഈ നമ്പറി ൽ ബന്ധപ്പെടാം.