കൊച്ചി : സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഡിപിആറില്‍ ശരിയായ സര്‍വേ നടത്തിയെങ്കില്‍ ഇപ്പോഴത്തെ സര്‍വേ എന്താനാണെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ കോടതിയെ ഇരുട്ടില്‍ നിര്‍ത്തുന്നു. പദ്ധതി നിയമപരം ആയിരിക്കുന്നിടത്തോളം ആരും എതിരാകില്ലെന്നും കോടതി പറഞ്ഞു.
എന്നാല്‍ സമാനമായ ഹർജിയില്‍ ഡിവിഷന്‍ ബെഞ്ചില്‍ വിധി വരാനുണ്ടെന്നും എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. നേരത്തെ, സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഹൈകകോടതിയെ സമീപിച്ച പത്തിലധികം ഹർജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജി ഹൈക്കോടതി പരിഗണനയ്ക്ക് എത്തിയപ്പോഴാണ് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ചോദ്യങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.