തിരുവനന്തപുരം: സിൽവർ ലൈൻ അതിവേഗ റെയിൽപാതയുടെ പ്രവർത്തനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോവുന്നു. പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 11 ജില്ലകളിലുണ്ടായിരുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളും, എറണാകുളത്തെ ഡെപ്യൂട്ടി കളക്‌ടര്‍ ഓഫീസും പൂട്ടി. ഇതിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും സർക്കാർ ഉത്തരവായി. പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് സർക്കാർ കളംമാറ്റിയത്.അതേസമയം, പൊതുമരാമത്ത് വകുപ്പിന്റെയും കിഫ്ബി അടക്കമുള്ള പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചുമതലയായായിരിക്കും പുനര്‍വിന്യസിച്ച ഓഫീസുകള്‍ക്ക് ഇനിമുതൽ ഉണ്ടാവുക. നേരത്തെ സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പ് ഓഫീസുകളിൽ നിലവിലുണ്ടായിരുന്ന ഇരുന്നൂറിലധികം തസ്‌തികകളും പുതിയ ഓഫീസുകളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ തിരുവനന്തപുരത്തെ ഔട്ടര്‍ റിങ് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളാക്കി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി. ആലപ്പുഴയിലെ ആറു തസ്‌തികകള്‍ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളിലേക്കും 12 എണ്ണം എറണാകുളത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ നടത്തിപ്പിനും വേണ്ടി മാറ്റി. എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓഫീസുകള്‍ അതേ ജില്ലകളില്‍ കിഫ്ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളാക്കി മാറ്റാനും ഉത്തരവിട്ടു. മലപ്പുറത്തെ 12 തസ്‌തികകള്‍ പൊതുമരാമത്ത് വകുപ്പിനായി ജില്ലയിൽ തന്നെ നിലനിര്‍ത്തിയപ്പോള്‍ ആറെണ്ണം തൃശ്ശൂരിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 11 തസ്‌തികകള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി ഏറ്റെടുക്കലിനായി അവിടെ നിലനിര്‍ത്തി. ഏഴെണ്ണം കണ്ണൂരിലേക്കു മാറ്റി നിയോഗിച്ചിട്ടുമുണ്ട്.
അതേസമയം, 2021 ഓഗസ്‌റ്റിലാണ് കെ-റെയിലിലേക്ക് റവന്യൂ വകുപ്പിലെ 205 തസ്‌തികകള്‍ മാറ്റാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ പദ്ധതിയോട് കേന്ദ്രം എതിർപ്പ് അറിയിച്ചതോടെ സംസ്ഥാന സർക്കാർ പതിയെ പിൻവലിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബറിൽ തസ്‌തികകൾ പുനർവിന്യാസം ചെയ്യാൻ ഉത്തരവിടുകയായിരുന്നു. സിൽവർലൈൻ: ഓഫീസുകൾക്കായി ചെലവിടുന്നത് ലക്ഷങ്ങൾ
കേന്ദ്രാനുമതി ലഭിക്കാതെ മുടങ്ങി കിടക്കുന്ന സിൽവർലൈൻ പദ്ധതിയ്ക്ക് ഇപ്പോഴും മാസത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ചിലവ്. ജില്ലകളിലെ ഓഫീസുകൾ നിലനിർത്താൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. നടക്കുമോയെന്ന് പോലും അറിയാത്ത പദ്ധതിക്ക് വേണ്ടി കോഴിക്കോട് ഓഫീസിൽ ജീവനക്കാരുടെ ശമ്പളം അടക്കം ഇതുവരെ ചെലവായത് 80 ലക്ഷം രൂപയിലധികമാണ്.
28,000 രൂപയാണ് സിൽവർലൈൻ ഓഫീസായി പ്രവർത്തിക്കുന്ന കോഴിക്കോടുള്ള ഇരുനില കെട്ടിടത്തിന് ഒരു മാസത്തെ വാടക. ഇതിന്റെ ഒരു നില പൂര്‍ണമായും ഒഴിച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 3,64,000 രൂപ ഓഫീസിന്റെ വാടകയിനത്തില്‍ മാത്രം ചെലവായി. 31,000 രൂപയായിരുന്നു ഓഫീസിൽ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ വാടക. കഴിഞ്ഞ മാസമാണ് ഈ വാഹനം ഒഴിവാക്കിയത്. ഒരു സ്പെഷല്‍ തഹസില്‍ദാര്‍, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഒരു ക്ലര്‍ക്ക്, ഒരു റവന്യു ഇൻസ്പെക്‌ടർ, ഒരു ഓഫീസ് അസിസ്‌റ്റന്റ് എന്നീ ജീവനക്കാരാണ് അവിടെയുള്ളത്. ഇവരെ റവന്യൂ ഓഫീസുകളിലേക്ക് തിരികെ വിളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. മൂന്നുമാസമായി പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ശമ്പളം പറ്റുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ. ഫലമോ, സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സർക്കാരിന് അധിക ബാധ്യതയും.