തിരുവനന്തപുരം : ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വരവോടെ സജീവമായിരിക്കുകയാണ് സിൽവെർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി. തിരുവനന്തപുരവും കാസർഗോഡും തമ്മിലുള്ള യാത്രാ ദൂരം നാലു മണിക്കൂറാക്കി കുറച്ചു കൊണ്ട് കേരളത്തെ അതിവേഗം ബന്ധിപ്പിക്കുന്ന ഈ പദ്ധതി വലിയ സാമ്പത്തിക മാറ്റങ്ങൾ കേരളത്തിന് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനൊപ്പം ഹഡ്‌കോ 3000 കോടി രൂപയുടെ വായ്പക്കും അംഗീകാരം നൽകിയത് പദ്ധതിയുടെ നടത്തിപ്പ് ഏറെക്കുറെ ഉടൻ തുടങ്ങാൻ കഴിയുമെന്നതിലേക്കുള്ള ശുഭ സൂചനയാണ്.
തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവഗ റെയിൽ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് മൂവായിരം കോടി രൂപയുടെ വായ്പയാണ് ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്‌മെന്റ് കോർപറേഷൻ (ഹഡ്‌കോ) അനുവദിച്ചിരിക്കുന്നത്. സിൽവർലൈൻ പാതയിൽ തിരുവനന്തപുരം കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായാണ് തുക എട്ടുശതമാനം വാർഷിക പലിശ നിരക്കിൽ ഹഡ്‌കോ അനുവദിച്ചത്. സംസ്ഥാനത്തെ റെയിൽവെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്(കെ-റെയിൽ) ആണ് ‘സിൽവർലൈൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽപാതയിലെ കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്ത് 320 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണ് പ്രതീക്ഷിത ചെലവ്. കെ-റയിലിന്റെ അപേക്ഷ പരിഗണിച്ച് അനുവദിച്ച വായ്പാത്തുകയുടെ മുതലും പലിശയും വാർഷികഗഡുക്കളായി അടയ്ക്കാൻ സംസ്ഥാന സർക്കാറിന്റെ ഗ്യാരന്റി വേണമെന്നും സംസ്ഥാനബജറ്റിൽ അതിനുള്ള നീക്കിയിരിപ്പുണ്ടാവണമെന്നും ഹഡ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവെ മന്ത്രാലയത്തിന്റെ അംഗീകാരപത്രം, സ്ഥലമേറ്റെടുപ്പിനുള്ള സർക്കാർ തീരുമാനം എന്നിവ സമർപ്പിച്ച് നാലുമാസത്തിനകം വായ്പാ നടപടികൾ പൂർത്തിയാക്കണമെന്നും സമയപരിധി നീട്ടണമെങ്കിൽ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും ഹഡ്‌കോയുടെ നിർദേശമുണ്ട്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപയ്ക്കായി ഹഡ്‌കോയ്ക്ക് പുറമെ കിഫ്ബി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ തുടങ്ങിയവയുമായുള്ള ചർച്ചകളും പുരോഗമിച്ചു വരികയാണ്.