ഇരവിപേരൂർ : ജില്ലയിലെ പ്രളയബാധിത മേഖലകളിലൂടെ നിശ്ചയിച്ചിരിക്കുന്ന സിൽവർ ലൈൻ അതിവേഗപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പൈതൃക സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടുർ ഉദ്ഘാടനം ചെയ്തു. പ്രളയകാലത്ത് 9.5 മീറ്ററിലധികം ജലനിരപ്പ് ഉയരുന്ന ആറാട്ടുപുഴ, കോയിപ്രം , ഇരവിപേരൂർ മേഖലകളിലെ പാടങ്ങളിലൂടെയും തണ്ണീർത്തടങ്ങളിലൂടെയുമാണ് നിലവിൽ വേഗപാത നിശ്ചയിച്ചിരിക്കുന്നത്. പ്രളയത്തിന്റെ ആഘാതം പലമടങ്ങ് വർധിക്കാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമാക്കണമെന്നും തിരുവല്ലയിൽ സ്റ്റേഷൻ അനുവദിക്കണമെന്നും ജോർജ്ജ് മാമ്മൻ കൊണ്ടുർ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പാതയ്ക്ക് സ്റ്റോപ്പ് ഇല്ലാത്ത ഏക ജില്ലയാണ് പത്തനംതിട്ടയെന്നും ഇത് ജില്ലയോട് കാണിക്കുന്ന അവഗണനയുടെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം റെജി തോമസ്, യുഡിഎഫ് ചെയർമാൻ വിക്ടർ ടി. തോമസ്, റോയ് ചാണ്ടപ്പിള്ള, സുനിൽ മറ്റത്ത്, കെ.ആർ.പ്രസാദ്, അനീഷ് വി. ചെറിയാൻ, പ്രമോദ് തിരുവല്ല, വിപിൻ കുമാർ, ടി.ആർ.മോഹനൻ, ശാം കുരുവിള എന്നിവർ പ്രസംഗിച്ചു. ആന്റോ ആന്റണി എം.പി സമരവേദി സന്ദർശിച്ചു. ജനങ്ങളുടെ അനുവാദം ഇല്ലാതെ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് എം പി അറിയിച്ചു.