സിം കാര്‍ഡ് വാങ്ങാനും പഴയതു മാറ്റി വാങ്ങാനും ഇ-സിം സേവനം ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന കടകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ കൂടൂതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങള്‍. ഇതോടു കൂടി വ്യക്തികള്‍ക്കും ടെലികോം കമ്പനികള്‍ക്കും സിം വില്‍ക്കുന്ന കടകള്‍ക്കും കൂടുതല്‍ കടമ്പകള്‍ ഉണ്ടാകും. ചില സംസ്ഥാനങ്ങളില്‍ സിം വില്‍ക്കുന്ന കടകള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ പോലും വേണ്ടി വന്നേക്കാം.
സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകളില്‍ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കണമെന്ന് നിയമം അനുശാസിച്ചേക്കും. ഇങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം നിലവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ജോലിക്കാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ 2024 സെപ്റ്റംബര്‍ 30 വരെ സാവകാശം നല്‍കും. ജിയോ, എയര്‍ടെല്‍ തുടങ്ങിയ ടെലികോം സേവനദാതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഏര്‍പ്പെടുത്തിയേക്കും.