അഭിനേത്രിയും വ്‌ളോഗറുമായ അഹാനയ്ക്ക് ആരാധകരേറെയുണ്ട്. സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവരെല്ലാം അഹാനയെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ്. അമ്മയ്‌ക്കൊപ്പം അബുദാബിയിലാണ് അഹാന ഇപ്പോള്‍. ഇനി കുറച്ച് ദിവസം ഞങ്ങള്‍ ഇവിടെയാണെന്ന് താരപുത്രി പറഞ്ഞിരുന്നു. അഹാന എന്ന മകളെക്കുറിച്ച് എപ്പോഴും അഭിമാനത്തോടെ സംസാരിക്കാറുണ്ട് സിന്ധുവും കൃഷ്ണകുമാറും. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസ അറിയിച്ചുള്ള സിന്ധു കൃഷ്ണയുടെ പോസ്റ്റും വൈറലായിരുന്നു.
അമ്മുവിന് നല്ലൊരു പിറന്നാള്‍ ആശംസിക്കുന്നു. ഈ ദിവസം ഏറ്റവും മികച്ചതാവട്ടെ. എന്റെ സൂര്യപ്രകാശമായി നിലകൊള്ളുന്നതിന് നന്ദി. അമ്മുവിനെ പോലെയൊരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക. നീ എപ്പോഴും ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന ആളാണ്, ഇനിയും അത് തുടരുക. നന്നായി ആസ്വദിച്ച് ജീവിക്കുക. ഈ വര്‍ഷം നമുക്ക് സ്‌പെഷലാണ്, നമ്മള്‍ രണ്ടുമല്ലേ ഈ പിറന്നാളിന് ഒന്നിച്ചുള്ളൂവെന്നുമായിരുന്നു സിന്ധു കുറിച്ചത്. അമ്മയും മകളും അബുദാബി യാത്ര ആഘോഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസമായിരുന്നു രണ്ടുപേരും അബുദാബിയിലെത്തിയത്.