കോട്ടയം: അഭയക്കേസില്‍ നീതികിട്ടയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നതെന്നും ഒടുവില്‍ നീതി കിട്ടിയെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കേസ് തെളിയില്ലെന്ന് നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും ബിജു പറയുന്നു. ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത് . നീതിക്ക് വേണ്ടി സഭയ്‌ക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട് . അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു.
അവസാന നിമിഷം വരെ പെങ്ങള്‍ക്ക് നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്നു പോയ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നുവെന്നും ബിജു പ്രതികരിച്ചു.
സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സി ബി ഐ കോടതി വിധി . ശിക്ഷ നാളെ പറയും. 28 വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ സംഭവ ബഹുലമായ അഭയക്കേസില്‍ തീര്‍പ്പുണ്ടാകുന്നത്.