കറുകച്ചാൽ: യുഡിഎഫ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ കറുകച്ചാൽ ബ്ലോക്ക് പര്യടനം ഇന്ന് രാവിലെ പൊന്തൻപുഴയില്‍ നിന്നും ആരംഭിച്ചു. പൊന്തൻപുഴ ജംഗ്ഷനിൽ നടന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയുടെ പ്രിയപ്പെട്ട ജനപ്രതിനിധിയാണ് ആന്റോ ആന്റണിയെന്ന് പി എ സലിം പറഞ്ഞു. 15 വർഷങ്ങൾ ഈ നാടിനു വേണ്ടിയും നാട്ടിലെ ഓരോ ജനങ്ങൾക്ക് വേണ്ടിയും പ്രവര്‍ത്തിച്ച ജനകീയനാണ് ആന്റോ ആന്റണിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷങ്ങളായി ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നവർക്ക് വാസ്തവം എന്ന് പേരിൽ ആന്റോ ആന്റണി ഇറക്കിയിട്ടുള്ള വികസന ബുക്ക് വായിച്ചു പഠിക്കാൻ തരാമെന്നും അദ്ദേഹം പറഞ്ഞു. കേരളം കടക്കെണിയിലാക്കിയ ഒരാളും കോൺഗ്രസിന്റെ സകല ആദായവും പറ്റി വളർന്ന മറ്റൊരാളുമാണ് പത്തനംതിട്ടയിലെ മറ്റു സ്ഥാനാര്‍ഥികളെന്നും പി എ സലിം പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പുചെയ്തുകൊണ്ട് ഏകാധിപത്യത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും ജനങ്ങള്‍ക്ക് ഭയപ്പാടില്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആന്റോ ആന്റണി പറഞ്ഞു. ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്സെയുടെ ഇന്ത്യയാക്കുവാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുവാന്‍ നാം തയ്യാറാകണം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കുവാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നോട്ട് നിരോധനം ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ മൂലം അഞ്ചു കോടി ജനങ്ങൾക്കാണ് ജോലി നഷ്ടമായത്. എല്ലാവർഷവും ഒരുകോടി യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത മോദിയുടെ ഗ്യാരണ്ടി എന്തായി? പത്തുവർഷംകൊണ്ട് പത്തു കോടി ജനങ്ങൾക്ക് ജോലി കിട്ടിയോ എന്നും ആന്റോ ആന്റണി ചോദിച്ചു. ഇന്ത്യന്‍ ജനാധിപത്യം ഏറെ അപകടകരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നത്. അതിനെ തടയാൻ ജനങ്ങളുടെ വിലയേറിയ വോട്ടുകൾ വിനിയോഗിക്കണമെന്നും ആന്റോ ആന്റണി അഭ്യര്‍ഥിച്ചു.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങൾ മൂലം വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കേരളത്തില്‍ ജീവിക്കുവാൻ പറ്റാത്ത സാഹചര്യമാണ്. മിക്കവരും പഠനംപോലും വിദേശത്താക്കി. യുവാക്കള്‍ കേരളത്തില്‍ നിന്നും ജീവനുംകൊണ്ട് രക്ഷപെടുകയാണ്. നാട്ടിൽ ജോലിയില്ലാതെ യുവാക്കൾ അലയുമ്പോഴാണ് 50,000 പേർക്ക് ജോലി തരാമെന്ന് പറഞ്ഞ് തട്ടിപ്പുമായി ചിലർ ഇറങ്ങിയിരിക്കുന്നത്. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ നടന്നതിന് സമാനമായ കൊടും ക്രൂരതകളാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ക്യാമ്പസുകളിൽ അഴിച്ചുവിടുന്നത്. യുഡിഎഫ് കാഞ്ഞിരപ്പള്ളി അസംബ്ലി ചെയർമാൻ സി വി തോമസുകുട്ടി, കൺവീനർ ജിജി അഞ്ചാനി, കറുകച്ചാൽ ബ്ലോക്ക് പ്രസിഡണ്ട് മനോജ് തോമസ്, മുസ്ലിം ലീഗ് നേതാവ് അബ്ദുൽ കരീം മുസ്ലിയാർ, ആർഎസ്പി നേതാവ് മുണ്ടക്കയം സോമൻ, ഡിസിസി സെക്രട്ടറിമാരായ പി എ ഷമീർ, പ്രൊഫസർ റോണി കെ ബേബി, സുഷമ ശിവദാസ് എന്നിവർ പ്രസംഗിച്ചു. പൊന്തൻപുഴ ജംഗ്ഷൻ വഴി കറിക്കാട്ടൂർ, മണിമല മാർക്കറ്റ് ജംഗ്ഷൻ, മണിമല ബസ് സ്റ്റാൻഡ്, 8-ാം മൈൽ, വടകര, കുളത്തൂർമുഴി, പൊട്ടുകുളം, ഇടയരിക്കപ്പുഴ, പരുത്തിമൂട്, മുണ്ടത്താനം, പത്തനാട്, നെടുമണ്ണി, കാവുംനട, മാന്തുരുത്തി, കൂത്രപ്പള്ളി, നെടുങ്ങാടപ്പള്ളി വഴി ശാന്തിപുരത്ത് ഇന്നത്തെ പര്യടനം സമാപിച്ചു.