കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് മൂന്നുദിവസം നിര്‍ണായകം. ശിവശങ്കര്‍ ഇതുവരെ നടത്തിയ പ്രതിരോധം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച മുതലുള്ള ചോദ്യം ചെയ്യല്‍ ഇ.ഡി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വപ്നയെ തിരുവനന്തപുരത്തെ വനിത ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍നിന്ന് അനുമതി കിട്ടിയ സാഹചര്യത്തിലാണിത്.
ശിവശങ്കറിനെ ജയിലില്‍ കൊണ്ടുപോയി സ്വപ്നക്കൊപ്പം ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിലൂടെ ഇരുവരും ആസൂത്രിതമായി അന്വേഷണ ഏജന്‍സികളില്‍നിന്ന് ഒളിച്ചുവെച്ചതെന്ന് സംശയിക്കുന്ന പല സത്യങ്ങളും പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. സ്വപ്നയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സ് ആപ് ചാറ്റിലെ വിശദാംശങ്ങള്‍ ഉറപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പണമിടപാട്, ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചുമതലപ്പെടുത്തിയത്, നയതന്ത്ര ചാനല്‍ വഴി പരിശോധനകൂടാതെ ബാഗേജുകള്‍ അയക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്, ലൈഫ് മിഷന്, സ്പേസ് പാര്‍ക്കിലെ ജോലി, കോണ്‍സുലേറ്റുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിലാണ് ഇരുവരില്‍നിന്നും ഇ.ഡിക്ക് വ്യക്തത ലഭിക്കാനുള്ളത്. കൂടാതെ, സ്വപ്ന വാങ്ങിയ കമീഷനില്‍ ശിവശങ്കറിന് പങ്ക് നല്‍കിയിരുന്നോ എന്ന നിര്‍ണായക ചോദ്യത്തിനുള്ള ഉത്തരമാണ് ഇ.ഡി തേടുന്നത്.
ശിവശങ്കറിനെതിരെ ഏതെങ്കിലും രീതിയില്‍ സ്വപ്ന മറുപടി നല്കിയാല് അതുവഴി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ഇ.ഡിയുടെ തീരുമാനം. ഇതിന് കരുതലോടെയാണ് ഇ.ഡി തയാറെടുപ്പുകള്‍ നടത്തുന്നത്. സന്ദീപ് നായര്‍, സരിത് എന്നിവരെയും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ശിവശങ്കറുടെയും സ്വപ്നയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാവും സരിതിെന്റയും സന്ദീപിന്റെയും മൊഴിയെടുക്കുക. ഫോണ്‍ വഴി മൂന്ന് ജയിലുകളില്‍നിന്ന് ഒരേസമയം പ്രതികളെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ഉറപ്പിക്കാനും ഇ.ഡി പദ്ധതിയിടുന്നുണ്ട്. ഈ മാസം അഞ്ചിനാണ് ശിവശങ്കറുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. ചോദ്യം ചെയ്യലില്‍ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനായില്ലെങ്കില് ഇ.ഡി കൂടുതല്‍ ദിവസം കസ്റ്റഡി ആവശ്യപ്പെടും.