തിരുവനന്തപുരം : കേരളത്തില്‍ രാഷ്ട്രീയ വിവാദമായി വളരുന്ന സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെ എം ശിവശങ്കറെ ഐ ടി സെക്രട്ടറി പദവിയില്‍ നിന്നും ഒഴിവാക്കി. മുഹമ്മദ് വൈ.സഫറുള്ള പുതിയ ഐ ടി സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് രാവിലെയാണ് നീക്കിയത്. ഐ ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ തൊട്ടുപിറകെ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ചീഫ് സെക്രട്ടറിയും ഡിജിപിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവശങ്കറിനെ നീക്കാനുള്ള സുപ്രധാന തീരുമാനം എടുത്തത്.
ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദിന് പകരം ചുമതല നല്‍കി. അധികാരത്തിലെത്തിയത് മുതല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഐ ടി സെക്രട്ടറി കൂടിയായ എം ശിവശങ്കര്‍. സ്പ്രിംഗ്ലർ ഇടപാടില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലൊന്നും ശിവശങ്കറിനെ തള്ളിപ്പറയാന്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ലായിരുന്നു. പക്ഷെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ മുന സ്വന്തം ഓഫീസിന് നേരെ തിരിഞ്ഞതോടെ പിണറായി നടപടിയെടുക്കാന്‍ നിര്‍ബന്ധിതനായി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പം ശിവശങ്കര്‍ നില്‍ക്കുന്ന ചിത്രമാണ് ആദ്യം പ്രചരിച്ചത്. തൊട്ടുപിന്നാലെ പ്രതികളിലൊരാളായ സ്വപ്നയുടെ താമസസ്ഥലത്തെ നിത്യ സന്ദര്‍ശകനാണ് ശിവശങ്കറെന്ന പ്രദേശവാസികളുടെ ആക്ഷപം കൂടി വന്നതോടെ മുഖ്യന്‍ സമ്മര്‍ദ്ദത്തിലായി. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപത്തിന് തെളിവില്ലെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്വപ്നയെ എന്തിന് വിദ്യാഭ്യാസ യോഗ്യത പോലും കണക്കിലെടുക്കാതെ ഐ ടി വകുപ്പില്‍ നിയമിച്ചുവെന്നതും വിവാദത്തിന് വഴിയൊരുക്കുന്നു.