കൊച്ചി : സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു.
മൂന്നാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യൽ. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം പ്രതി സ്വപ്‌നയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്നുള്ള സ്വപ്‌നയുടെ മൊഴി അനുസരിച്ചാണ് ഇന്ന് ശിവശങ്കരനെ വിളിപ്പിച്ചതെന്നാണ് സൂചന. മൊഴിയിലെ പൊരുത്തക്കേടുകള്‍ ഉള്ളതില്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് അറിയുന്നത്. ഇന്ന് സ്വപ്‌നയെയും ,ശിവശങ്കരനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സാധ്യത.
എന്‍ഫോഴ്സ്‌മെന്റിനും, എന്‍ഐഎയ്ക്കും പിന്നാലെ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. ഇന്ന് കൊച്ചി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി മത ഗ്രന്ഥങ്ങള്‍ കൊണ്ടുവരികയും പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി കെ.ടി. ജലീല്‍ അത് കൈപ്പറ്റുകയും ചെയ്തിരുന്നു. ഇവ സിആപ്റ്റിലെത്തിച്ച് വിതരണം ചെയ്യുകയും ചെയതിരുന്നു. ഇത് സംബന്ധിച്ചുള്ള അവ്യക്തത നീക്കുന്നതിന് വേണ്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.