കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീര്‍പ്പാക്കി. കേസില്‍ ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ അറിയിച്ചതോടെയാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. അറസ്റ്റിനുളള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, കേസില്‍ പ്രതിയല്ലെന്ന് എന്‍.ഐ.എ അറിയിച്ചത് ശിവശങ്കറിന് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്.
സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ തന്നെ ചോദ്യം ചെയ്‌തെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ച കോടതി ഒക്ടോബര്‍ 23 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരിക്കുകയാണ്.