പത്തനംതിട്ട : പതിനാറുകാരി ലൈംഗീക പീഡനത്തിനിരയായി ആൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവും ആറ് ലക്ഷം പിഴയും ശിക്ഷ. ചെന്നീർക്കര പ്രക്കാനം മലങ്കാവ് കുരിശിന്റെ സമീപം ആലു നിൽക്കുന്നതിൽ വീട്ടിൽ സുനിൽ (53) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പിഴത്തുക കുട്ടിക്ക് നൽകാനാം പുനരധിവാസത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നതിനും നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തെ അധിക കഠിന തടവ് പ്രതി അനുഭവിക്കണം.
ഇലവുംതിട്ട പോലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി. 2021 ഒക്ടോബറിനും 2023 ഓഗസ്റ്റിനും ഇടയിലുള്ള കാലയളവിൽ കുട്ടിയുടെ വീട്ടിലാണ് പീഡനം നടന്നത്. പലതവണ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭിണിയാവുകയും ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി.കെ.വിനോദ് കൃഷ്ണനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ ഹസീന പങ്കാളിയായി.