പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണി നൽകുന്ന 347- മത് സ്നേഹഭവനം പി എം സ്കറിയയുടെ സഹായത്താൽ ആരക്കുഴ ഒല്ലക്കൽ രോഗിയായ സുരേന്ദ്രനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പി. എം. സ്കറിയയും ഭാര്യ കെ പി സാറാമ്മയും ചേർന്ന് നിർവഹിച്ചു. വിവിധ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന സുരേന്ദ്രൻ ഭാര്യ സുഭാഷിണിയോടും സ്കൂൾ വിദ്യാർത്ഥിയായ മകനോടും മാതാവിനോട് ഒപ്പം ചോർന്നൊലിക്കുന്ന ടാർപോളിൻ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. നിത്യ ചിലവിനും ചികിത്സയ്ക്കുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് പണിയുവാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
ഇവരുടെ ദയനീയ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 750 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് പണിതു നൽകുകയായിരുന്നു. പി. എം. സ്കറിയ അദ്ദേഹത്തിന്റെ മകനായ ബിനോയിയുടെ വിവാഹം ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ മാര്യേജ് ആയി നടത്തുകയും അതിൽ നിന്നും 580,000 രൂപ ടീച്ചറിനു നൽകുകയും ടീച്ചർ അവർക്കായി വീട് നിർമ്മിക്കുകയും ആയിരുന്നു. ബിനോയിയുടെയും ചിന്നുവിന്റെയും വിവാഹദിനത്തിൽ തന്നെ വീടിന്റെ താക്കോൽദാനവും നിർവഹിച്ചു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് ജാൻസി മാത്യു, വാർഡ് മെമ്പർ ദീപ്തി സണ്ണി, പ്രൊജക്റ്റ് കോഡിനേറ്റർ കെ.പി. ജയലാൽ, ബിജോയി സ്കറിയ, ജിമ്മി ജോസഫ്, അമ്പിളി വിജയൻ എന്നിവർ പ്രസംഗിച്ചു.