കാസർകോട് : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് മണിക്കൂറുകൾക്കകം പോലീസ് പിടിയിലായി. ബേഡഡുക്ക പെർളടുക്കത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ടി.ഉഷ (45) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൊളത്തൂർ കരക്കയടുക്കം സ്വദേശി എ.അശോക (50) നെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് കൊലപാതകത്തെപ്പറ്റി നാടറിയുന്നത്.
ശബരിമലദർശനത്തിനായി മാലയിട്ട അശോകൻ രാവിലെ സമീപത്തെ ഭജനമന്ദിരത്തിൽ എത്താത്തതിനെത്തുടർന്ന് മറ്റു ഭക്തർ അന്വേഷിച്ചപ്പോഴാണ് ഇയാൾ സ്ഥലത്തില്ലാത്തതും കൊലപാതകം നടന്നതായും അറിയുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ശരീരഭാഗങ്ങൾ പായയിൽ കെട്ടിയശേഷം മുറിപൂട്ടി അശോകൻ രക്ഷപ്പെടുകയായിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് രാവിലെ ഏഴോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്തതോടെയാണ് കൊലയ്ക്കുശേഷം രക്ഷപ്പെടുകയാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. മകൻ: ആദിഷ് (ഗൾഫ്). പരവനടുക്കം തലക്ലായിയിലെ പരേതനായ ടി.കുമാരന്റെയും നാരായണിയുടെയും മകളാണ് ഉഷ. സഹോദരങ്ങൾ: ടി.ബാലൻ പാലിച്ചിയടുക്കം (ഓട്ടോ ഡ്രൈവർ കാസർകോട്), ടി.ബാബു അഞ്ചങ്ങാടി (ലോറിഡ്രൈവർ), ടി.ബേബി പള്ളിപ്പുറം (ആശാപ്രവർത്തക, ചട്ടഞ്ചാൽ പ്രാഥമികാരോഗ്യകേന്ദ്രം), ടി.റീന (ബട്ടത്തൂർ), പരേതനായ ടി.രാഘവൻ തലക്ലായി.