മുണ്ടക്കയം: ഈ പാലത്തിലെത്തിയാൽ ബസ് നിർത്തണം. ബസിൽ കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കണ്ടക്ടറും കുറച്ച് യാത്രക്കാരും പാലത്തിനിക്കരെ ഇറങ്ങണം. തുടർന്ന് കണ്ടക്ടർ ബസ് ഡ്രൈവർക്ക് വശങ്ങൾ പറഞ്ഞുകൊടുക്കണം. ഡ്രൈവർ സൂക്ഷിച്ച് ബസ് ഒാടിച്ച് മറുകരയിലെത്തിക്കും. തുടർന്ന് കണ്ടക്ടറും യാത്രക്കാരും ബസിൽ പോയി കയറണം. ഇതാണ് വള്ളിയാങ്കാവ് ക്ഷേത്രത്തിലേക്കുൾപ്പെടെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന ദുരിതം. ക്ഷേത്രത്തിന് അരക്കിലോമീറ്റർ അടുത്താണ് തടിയിലും ഇരുമ്പ് ഗർഡറിലും നിർമ്മിച്ച കാലപ്പഴക്കംചെന്ന ചെറിയ പാലംഅപകടകരമായ അവസ്ഥയിലുള്ളത്. ബസുകൾ ഇതുവഴി കയറുമ്പോൾ ഭീതിയോടെയാണ് സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെയുള്ളവർ ബസിനുള്ളിൽ ഇരിക്കുന്നത്. ഒരു പിടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കാര്യങ്ങൾ കൈവിട്ടുപോകും.
കൈവരി ഇല്ലാത്തതിനാലും പാലത്തിനു മുകളിൽ താത്കാലികമായി മണ്ണിട്ടതിനാലും ഇത് പാലമാണെന്നുപോലും പുതുതായി എത്തുന്നവർക്ക് അറിയുവാൻ പറ്റില്ല.ഇതോടൊപ്പം ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതും ബസ് സർവീസിനെ പ്രതികൂലമായി ബാധിക്കുന്നു. മുണ്ടക്കയം ഈസ്റ്റിൽ നിന്ന് ടി.ആർ.ആൻഡ് ടി.എസ്റ്റേറ്റിലൂടെ പോകുന്ന 10 കിലോമീറ്റർ റോഡിൽ പകുതിമാത്രമാണ് ടാർചെയ്തത്. ബാക്കിയുള്ള അഞ്ച് കിലോമീറ്ററിൽ കനത്ത മഴയിൽ വലിയ കുഴികൾ രൂപപ്പെട്ട് ചെളിയും വെള്ളവും കലർന്ന് കിടക്കുന്നു. പെരുവന്താനം പഞ്ചായത്തിൽ ഉൾപ്പെട്ട റോഡാണിത്. വീതികൂട്ടിയുള്ള ടാറിംഗ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. മഴയെ തുടർന്ന് നിർമ്മാണം ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്.