പത്തനംതിട്ട : പൊതുമരാമത്ത് നിർമാണങ്ങളുമായി ബന്ധപ്പെട്ട ചെറുകിട കരാറുകാർ രംഗം വിടുന്നു. സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കരാർ ജോലികൾ ചെയ്തിരുന്നവരിൽ 60 ശതമാനം കരാറുകാരും രണ്ടുവർഷമായി ഈ രംഗത്തില്ല. അവശേഷിച്ച കരാറുകാരും നിർമാണ മേഖല ഉപേക്ഷിക്കുകയാണ്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ചെയ്യേണ്ട ജോലികൾപോലും ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
പണം കൃത്യമായി ലഭിക്കാത്തതാണ് കരാറുകാർ മേഖല ഉപേക്ഷിക്കാൻ പ്രധാന കാരണം. പൊതുമരാമത്ത്, ജലഅതോറിറ്റി വകുപ്പുകളുടെ ജോലികളും തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുള്ള ജോലികളും ചെയ്തു തീർത്താലും പണം നൽകാത്ത സ്ഥിതിയാണ്. എം.പി, എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചുള്ള ജോലികളുടെ പണവും കൃത്യമായി നൽകാറില്ല.
തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചെറുകിട കരാർ ജോലികൾ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഏറ്റെടുത്ത കരാർ ജോലികളും പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ടെന്ന് കരാറുകാർ പറഞ്ഞു. കരാർ പ്രകാരമുള്ള ജോലികൾ പൂർത്തീകരിച്ചാലും പണത്തിനുവേണ്ടി ഏറെ കാത്തിരിക്കണം. മാസങ്ങളായി തുടരുന്ന കുടിശ്ശിക പൂർണമായി നൽകാറില്ല. ഗഡുക്കളായാണ് പണം അനുവദിക്കാറുള്ളത്. സാധാരണക്കാരായ കരാറുകാർ ഇതുമൂലം ഏറെ പ്രതിസന്ധിയിലാകും. സർക്കാർ കുടിശ്ശിക അനുവദിക്കുമ്പോൾ ട്രഷറി നിയന്ത്രണം മറ്റും കാരണം പണം കൈയിലെത്താൻ വീണ്ടും കാത്തിരിപ്പ് തുടരേണ്ടിവരും. റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ കരാറെടുത്ത ജോലികളും തടസ്സപ്പെട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട തുക കരാറുകാർക്ക് നൽകാനുണ്ട്. ഇതോടെ പൊതുമരാമത്ത് നിർമാണങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങി കഴിഞ്ഞു.