കോന്നി : ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോൾ നാം ഉപയോഗിച്ച് വലിച്ചെറിയുന്ന മുട്ട തോടിൽ ഗാന്ധിജിയുടെ രൂപം തീർക്കുകയാണ് കോന്നി വെട്ടൂർ പേഴുംകാട്ടിൽ സ്മൃതി ബിജു.750 മുട്ട തോടുകളും ആക്രലിക് കളറും ഉപയോഗിച്ചാണ് ബിജു രൂപം നിർമ്മിച്ചത്.ദേശീയ പതാകയുടെ പശ്ചാതലത്തിൽ ആണ് രൂപം നിർമ്മിച്ചിരിക്കുന്നത്.കഴിഞ്ഞ ഒരു വർഷമായി സ്വന്തം വീട്ടിൽ ഉപയോഗിച്ച മുട്ടയുടെ തോടുകൾ ശേഖരിച്ച് ഇത് കഴുകി വൃത്തിയാക്കി എടുത്താണ് ബിജു ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ആറടി നീളവും നാലടി വീതിയുമുള്ള പ്ലൈവുഡിൽ മുട്ടത്തോട് ചെറിയ കഷ്ണങ്ങൾ ആക്കി പൊട്ടിച്ചെടുത്താണ് ഒട്ടിച്ചിരിക്കുന്നത്.ഇതിന് ശേഷം മുട്ടയുടെ വെള്ള ഭാഗം ഒഴികെ ഉള്ളിടത്ത് നിറം നൽകി.കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ വിവിധ ഇനം പയർ വർഗ്ഗങ്ങൾ ഉപയോഗിച്ച് ബിജു ഗാന്ധിയുടെ രൂപം തീർത്തിരുന്നു.ഇതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്,ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരവും ലഭിച്ചിരുന്നു.പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വിവിധ വസ്തുക്കൾ ഉപയോഗിച്ച് ചിത്ര രചന നടത്തുവാൻ നിരവധി പരീക്ഷണങ്ങൾ നടത്തുകയാണ് ബിജു.
കറി പൗഡർ, കാപ്പിപ്പൊടി, തേയില, ബട്ടൻസ്,പച്ചക്കറി, പഴ വർഗ്ഗങ്ങൾ,ഈർക്കിൽ, പൊട്ടുകൾ തുടങ്ങി നിരവധി വസ്തുക്കൾ ഉപയോഗിച്ച് ഇന്ത്യക്ക് അകത്തും പുറത്തും ധാരാളം ചിത്രങ്ങൾ സ്മൃതി ബിജു നിർമിച്ചിട്ടുണ്ട്. പൂനെ യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി,തിരുവനന്തപുരം മാർ ഇവാനിയോസ് മ്യൂസിയം,മസ്കറ്റ് യാക്കോബായ പള്ളി,മസ്കറ്റ് ഉന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ വർക്കുകൾ തുടങ്ങി നിരവധി രചനകളും ബിജു നടത്തി.കോവിഡ് കാലത്ത് ആവശ്യമായ ഛായങ്ങൾ കിട്ടാതെ വന്നപ്പോൾ പച്ചക്കറി, മുളകുപൊടി, പഴവർഗങ്ങൾ എന്നിവ ഉപയോഗിച്ചാണ് ബിജു തന്റെ പ്രവർത്തി ചെയ്തത്.ഒന്നര ലക്ഷത്തിൽ അധികം പേര് എത്തിയ മാസ്ക്കറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ സ്റ്റേജ് ഡിസൈനിങ്ങും ആർട്ട് വർക്കുകളും ബിജു ചെയ്തിരുന്നു.
ഗാലയിൽ ഉള്ള യാക്കോബായ പള്ളിയുടെ അകത്തളങ്ങളിലും ബിജു വരകൾ കോറിയിട്ടു.വയനാട് ആദിവാസി ഊരിലെ മുത്തശ്ശി കുടിലിന് മുൻപിൽ ഇരിക്കുന്ന ചിത്രത്തിന് 2016ലെ ആർട്ട് മെസ്ട്രോ അന്താരാഷ്ട്ര അവാർഡ് ലഭിച്ചു.2016 ലെ കേരള ലളിതകലാ അക്കാദമി അവാർഡിന് തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു.ഇന്റീരിയർ ഡിസൈൻ രംഗത്തും ഡിജിറ്റൽ പെയിന്റിംഗ് രംഗത്തും ഇദ്ദേഹം ശ്രദ്ധേയനാണ്. ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസിങ് പെയിന്റിംഗ് നടത്തി ലോക റെക്കോർഡ് നേടാനുള്ള ശ്രമത്തിൽ ആണ് ബിജു ഇപ്പോൾ.