കൊച്ചി : പാവപ്പെട്ടവന്റെ കല്യാണ വീട്ടില്‍ 20 പേര്‍ ഒന്നു കൂടിയാല്‍ ഓടിയെത്തും ഏമാന്മാര്‍, വെള്ളാപ്പള്ളിക്കെന്താ കൊമ്പുണ്ടോ?. സമുദായത്തിന്റെ തലപ്പത്തിരിക്കാന്‍ കോവിഡ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇരുപതിനായിരം പേരെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളിക്ക് അനുമതി . കോവിഡ് അതിവേഗം വ്യാപിക്കുമ്പോഴും ഇരുപതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. മെയ് 22 ന് ചേര്‍ത്തല കണിച്ചു കുളങ്ങര ശ്രീനാരായണ കോളജില്‍ പൊതുയോഗം നടത്താനാണ് തീരുമാനം.
കോവിഡ് പ്രോട്ടോക്കോള്‍ മാത്രം പാലിച്ച് യോഗം നടത്താനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അണ്ടര്‍ സെക്രട്ടറി ടി മയോ ഭാസ്‌കറാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി കോവിഡ് കാലത്ത് തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവിട്ടിരിക്കുന്നത് . വെള്ളാപ്പള്ളിയുടെയും സംഘത്തിന്റെയും നീക്കത്തിനെതിരേ സമുദായത്തില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. സര്‍ക്കാരിന് വേണ്ടി വെള്ളാപ്പള്ളി വിടുപണി ചെയ്യുകയാണ് എന്നാണ് ആരോപണം. വോട്ടെണ്ണലിന്റെ പിറ്റേന്ന് എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ വെള്ളാപ്പള്ളി കടന്നാക്രമണം നടത്തിയത് പിണറായി വിജയനോടുള്ള പ്രത്യുപകാരമാണെന്ന് എതിര്‍പക്ഷം പറയുന്നു.
തെരഞ്ഞെടുപ്പ് നടത്താനുള്ള അനുമതി ഏപ്രില്‍ 30 നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. രോഗവ്യാപനം അതീവ ഗുരുതരമായിരിക്കുമ്പോഴും വിപുലമായി ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കോടതിയില്‍ പോയാലും തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പതിവു വാര്‍ത്താ സമ്മേളനത്തിനിടെ ഈ വിവരം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേപ്പറ്റി പരിശോധിക്കാം എന്ന് ഒറ്റവാക്കില്‍ മറുപടി നല്‍കി അദ്ദേഹം വിഷയം അവസാനിപ്പിച്ചു. 400 പേര്‍ പങ്കെടുത്ത ധ്യാനയോഗം നടത്തിയതിന് സിഎസ്ഐ സഭയ്‌ക്കെതിരേ സര്‍ക്കാര്‍ കേസ് എടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ധ്യാനം നടന്നത്. ഇതില്‍ പങ്കെടുത്ത രണ്ടു പുരോഹിതര്‍ കോവിഡ് ബാധിച്ച് മരിക്കുകയും 80 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധ്യാനം നടത്തിയതിന് കേസ് എടുത്തിട്ടുള്ളത്.
ഇങ്ങനെ ഒരു അനുഭവപാഠം മുന്നില്‍ നില്‍ക്കുമ്പോഴാണ് എസ്എന്‍ഡിപിക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനം ലോക്ഡൗണ്‍ ചെയ്തിട്ടും എസ്എന്‍ഡിപിക്ക് പൊതുയോഗം നടത്തുന്നതിന് നല്‍കിയിട്ടുള്ള അനുമതി റദ്ദാക്കിയിട്ടില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ 16 ന് അവസാനിക്കും. അതിന് ശേഷവും രോഗം കുറഞ്ഞില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ ചെയ്യേണ്ടി വരും. 20 നാണ് പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെങ്കില്‍ അത് സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും. 22 ന് എസ്എന്‍ഡിപി പൊതുയോഗം കൂടി ചേര്‍ന്നതിന് ശേഷം 23 മുതല്‍ വീണ്ടും ലോക്ഡൗണ്‍ ചെയ്യാനാണ് സാധ്യത എന്നാണ് ഈഴവ സമുദായത്തില്‍ വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 22 ന് എസ്എന്‍ഡിപി യോഗം ചീഫ് റിട്ടേണിങ് ഓഫീസര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതില്‍ ചില വ്യവസ്ഥകള്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഒരു സെക്ടറല്‍ മജിസ്‌ട്രേറ്റിനെ നിയോഗിക്കണം. ഓരോ വോട്ടര്‍ക്കും അയാള്‍ വോട്ടു ചെയ്യാനെത്തേണ്ട സമയം സൂചിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍ പ്രത്യേകം സ്ലിപ്പ് നല്‍കണം. ഒരു മണിക്കൂറില്‍ ഒരു ബൂത്തില്‍ പരമാവധി 25 വോട്ടര്‍മാരില്‍ കൂടുതല്‍ അനുവദിക്കില്ല. ഓരോ ബൂത്തും തമ്മില്‍ 50 മീറ്റര്‍ അകലമുണ്ടായിരിക്കണം. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം കണ്ടെയ്‌ന്മെന്റ സോണ്‍ ആക്കുകയോ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയോ ചെയ്താല്‍ ഈ അനുമതി റദ്ദാകുമെന്നും ഉത്തരവിലുണ്ട്.
അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ദിനത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകാതിരിക്കാനും കണ്ടെയ്‌ന്മെന്റ് സോണ്‍ പ്രഖ്യാപിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. മെയ് 22 ന് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ വെള്ളാപ്പള്ളിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. വെള്ളാപ്പള്ളിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍അന്തിമ തീരുമാനം എടുക്കാന്‍ ഹൈക്കോടതി രജിസ്‌ട്രേഷന്‍ ഐജിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് വെള്ളാപ്പള്ളിക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരായ നടപടി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. കമ്പിനി നിയമം ലംഘിച്ചതിനും യഥാസമയം കണക്ക് സമര്‍പ്പിക്കാത്തതു കൊണ്ടും വെള്ളാപ്പള്ളിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അയോഗ്യരായെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ തീരുമാനം നടപ്പാക്കാനാണ് ഐജി രജിസ്‌ട്രേഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യോഗത്തിന്റെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള അദ്ധ്യാപക നിയമനത്തിന് അരങ്ങൊരുങ്ങും. ഇതിനായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എട്ട് അദ്ധ്യാപക തസ്തികകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. 55-65 ലക്ഷം രൂപയാണ് തസ്തിക ഒന്നിന് കോഴയിനത്തില്‍ ലഭിക്കുക. ഈ നിയമനം കൂടി നടത്തുന്നതു വരെ വെള്ളാപ്പള്ളിക്ക് എതിരായ അയോഗ്യത നടപടികള്‍ മുന്നോട്ടു പോകില്ലെന്നാണ് എതിര്‍ക്കുന്നവര്‍ നല്‍കുന്ന വിവരം.