പത്തനംതിട്ട: എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ച് കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാൻ അനുവദിക്കണമെന്നാണ് ആവശ്യം. സ്ഥലത്ത് പോലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ആരും തടഞ്ഞിരുന്നില്ല. സ്ത്രീകൾ മുടി അഴിച്ചിട്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്ന ബോർഡ് ക്ഷേത്രത്തിൽ തൂക്കിയിട്ടുണ്ട്.
ക്ഷേത്രം നിലനിൽക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ നിന്നുള്ള എസ്എൻഡിപി ശാഖകളിലെ ഭക്തരാണ് ഷർട്ടിടാതെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ശബരിമലയിൽ തിരുവാഭരണം ചാർത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോൾ തിരുവാഭരണം വിഗ്രഹത്തിൽ ചാർത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്ന സംഭവത്തിനെതിരായ പ്രതിഷേധമാണ് ഈ പ്രവർത്തിയെന്ന് സംയുക്ത സമര സമിതി അംഗങ്ങൾ പറഞ്ഞു.
എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുമ്പ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കുമ്പളം ലക്ഷമിനാരായണ ക്ഷേത്രത്തിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ചു കയറാൻ അനുമതി നൽകിയിരുന്നു. ശ്രീജ്ഞാന പ്രഭാകര യോഗത്തിന്റെ വാർഷിക പൊതുയോഗമാണ് തീരുമാനം എടുത്തത്. ഈഴവ സമുദായാംഗങ്ങൾ നേതൃത്വം നൽകുന്ന ഭരണസമിതി വാർഷിക പൊതുയോഗത്തിലെ ധാരണ പ്രകാരമാണ് ഷർട്ടിട്ട് പുരുഷന്മാരെ ക്ഷേത്രത്തിൽ കയറ്റാൻ തീരുമാനിച്ചത്.